മൂവാറ്റുപുഴ: പ്രതീക്ഷവച്ചിടത്തെല്ലാം വൻതോതിൽ വോട്ട് ചോർച്ചയുണ്ടായതാണ് മൂവാറ്റുപുഴയിലെ സിറ്റിംഗ് എം.എൽ.എ കൂടിയായിരുന്ന ഇടതുമുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ പരാജയത്തിന് വഴിവെച്ചത്. ഇതിനുപുറമെ ട്വന്റി 20 സ്ഥാനാർത്ഥി പിടിച്ച വോട്ടും ദോഷമായി. യാക്കോബായസമുദായത്തിന്റെ വോട്ട് വൻതോതിൽ ലഭിക്കുമെന്ന പ്രതീക്ഷയുംതെറ്റി. ട്വന്റി 20 സ്ഥാനാർത്ഥി 6000 വോട്ടുപിടിച്ചാൽ വിജയിക്കാമെന്നായിരുന്നു ഇടതുനേതാക്കളുടെ പ്രതീക്ഷ. എന്നാൽ 13000ൽ അധികം വോട്ട് അവർ നേടിയിട്ടും എൽദോയ്ക്ക് പച്ചതൊടാനായില്ല. കഴിഞ്ഞതവണ വൻ ഭൂരിപക്ഷം നൽകിയ എൽദോയുടെ ജന്മനാടായ പായിപ്ര പഞ്ചായത്തിൽ ഇക്കുറി ഇദ്ദേഹത്തിന് ലീഡ് ലഭിച്ചത് അഞ്ഞൂറ് വോട്ടിൽ താഴെയാണ്. മൂവാറ്റുപുഴ നഗരസഭയും കൈവിട്ടത് പരാജയത്തിന് ആക്കംകൂട്ടി.
11 പഞ്ചായത്തുകളും നഗരസഭയും അടങ്ങുന്ന മൂവാറ്റുപുഴ മണ്ഡലത്തിൽ എൽദോയെ തുണച്ചത് പായിപ്ര, പാലക്കുഴ പഞ്ചായത്തുകൾ മാത്രമാണ്. മേൽക്കൈ ലഭിക്കുമെന്ന് കരുതിയിരുന്ന ആയവന , മാറാടി, കല്ലൂർക്കാട് പഞ്ചായത്തുകൾ കൈവിടുകയും ചെയ്തു. പാലക്കുഴയിൽ 750 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. കഴിഞ്ഞതവണ 2900 വോട്ടിന്റെ ലീഡാണ് പായിപ്രയിൽ ലഭിച്ചത്. മൂവാറ്റുപുഴ നഗരസഭയിലും 1000 വോട്ടിന്റെ മേൽക്കൈ നേടിയിരുന്നു. ഇക്കുറി ഇത് നിലനിറുത്താൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നങ്കിലും നടന്നില്ല. മൂവാറ്റുപുഴ നഗരസഭയിൽ യു.ഡി.എഫ് 681 വോട്ടിന്റെ ഭൂരിപക്ഷം നേടി. എൽദോ ലീഡ് പ്രതീക്ഷിച്ച മാറാടി പഞ്ചായത്തിൽ 13 വോട്ടിന്റെ ലീഡ് മാത്യു കുഴൽനാടൻ നേടി. മറ്റു പഞ്ചായത്തുകളിലെല്ലാം മാത്യു കുഴൽനാടനായിരുന്നു ലീഡ്.
വാളകത്ത് 381, ആയവന 434, പോത്താനിക്കാട് 774, പൈങ്ങോട്ടൂർ 1354, കല്ലൂർക്കാട് 197, മഞ്ഞള്ളൂർ 578, ആവോലി 838, ആരക്കുഴ 1553 എന്നിങ്ങനെയാണ് യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ച ലീഡ്. കേരള കോൺഗ്രസ് എമ്മിന്റെ ശക്തികേന്ദ്രമായ കല്ലൂർക്കാട് 500 വോട്ട് ലീഡ് നേടുമെന്നായിരുന്നു ഇടതുമുന്നണി കണക്കുകൂട്ടിയിരുന്നത്. എന്നാൽ ഇവിടെ യു.ഡി.എഫിനായിരുന്നു മേൽക്കൈ. ആരക്കുഴയിലും മഞ്ഞള്ളൂരും യു.ഡി.എഫിന്റെ വോട്ടുകളിൽ വലിയൊരു ഭാഗം ട്വന്റി 20 നേടുമെന്ന എൽ.ഡി.എഫ് കണക്കുകൂട്ടലും തെറ്റി. ഇവിടങ്ങളിലും യു.ഡി.എഫ് ലീഡുചെയ്തു.