എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലെ തല്ലിപ്പൊളി മുറികൾക്ക് പകരം വിശ്രമമുറികൾ റെഡി

കൊച്ചി: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് തത്കാലം എറണാകുളം ബസ് സ്റ്റാന്റിൽ ഇനി സ്വസ്ഥമായി ഒന്നുറങ്ങാം. ദീർഘസമയം ബസുകളിലെ ജോലികഴിഞ്ഞെത്തുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും ഇത്രയും കാലം വിശ്രമിച്ചിരുന്നത് കൊതുകുകടിയും സഹിച്ച് ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലെ തല്ലിപ്പൊളി കട്ടിലുകളിലും കസേരകളിലുമൊക്കെയായിരുന്നു. ഗതികേട് കേട്ടറിഞ്ഞ് മനുഷ്യാവകാശ കമ്മിഷൻ ഇടപെടലുണ്ടായതിനെ തുടർന്നാണ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മുകളിലെ മുറികൾ പെയിന്റ് പൂശി വൃത്തിയാക്കി വിശ്രമമുറിയാക്കിയത്. ഇതിന്റെ പണികളെല്ലാം പൂർത്തിയായി.

ഈ മുറികളിലേക്ക് ജീവനക്കാർ താമസം മാറ്റി. വനിതാ ജീവനക്കാർക്കും ഇവിടെ പ്രത്യേകം താമസമൊരുക്കിയിട്ടുണ്ട്.

നിലവിലുള്ള കെട്ടിടത്തിൽ തന്നെയാണ് മുറികൾ. കൊതുക് ശല്യം രൂക്ഷമായതിനാൽ കൊതുക് വലകളും നൽകിയിട്ടുണ്ടെന്ന് ഡി.ടി.ഒ. വി.എം. താജുദ്ദീൻ കേരളകൗമുദിയോട് പറഞ്ഞു.

പുതിയ ട്രാൻസ്‌പോർട്ട് സ്റ്റാന്റിന്റെ നിർമ്മാണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് താത്കാലിക സൗകര്യം തയ്യാറാക്കിയത്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമായില്ലെങ്കിൽ കൂടി താത്കാലികമായെങ്കിലും കിടന്നുറങ്ങാൻ ഒരിടം ലഭിച്ച ആശ്വാസത്തിലാണ് ജീവനക്കാർ. മറ്റു ജില്ലകളിൽ നിന്ന് ഡിപ്പോയിലേക്ക് എത്തുന്ന ജീവനക്കാർക്കായി എ.സി ബസുകളിൽ താത്കാലിക വിശ്രമസൗകര്യം ഒരുക്കിയിട്ടുണ്ട്.



മഴയെത്തുന്നു, ദുരിതം ഒഴിയുന്നില്ല:
മഴയെത്തുന്നതോടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ദുരിതം കൂടുകയാണ്. ഓഫീസ് കെട്ടിടത്തിലേക്ക് കടക്കാൻ കഴിയാത്തത്ര വെള്ളം കെട്ടികിടക്കുന്നുണ്ട്. മഴയുടെ കാഠിന്വം അനുസരിച്ച് സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുതൽ യാത്രാക്കാരുടെ ഇരിപ്പിടം വരെ വെള്ളക്കെട്ടിലാവുന്നത് ഇവിടെ പതിവാണ്.

കെ.എസ്.ആർ.ടി.സി കെട്ടിടത്തിലേക്ക് എത്താനുള്ള ഇവരുടെ ദുരിതത്തിന് ഇപ്പോഴും ശാശ്വത പരിഹാരം കാണാനായിട്ടില്ല. ഇപ്പോഴും വെള്ളക്കെട്ട് കടന്നുവേണം ജീവനക്കാർക്ക് വിശ്രമമുറിയിലും എത്തേണ്ടത്. ഓഫീസിൽ വെള്ളംനിറഞ്ഞാൽ ജീവനക്കാർതന്നെ പമ്പുചെയ്ത് പുറത്തുകളയണം. വെള്ളത്തിൽനിന്ന് രക്ഷപെടാൻ മരപ്പലകകൾനിരത്തിയാണ് ഓഫീസ് റൂമിലേക്ക് പ്രവേശിക്കുന്നത്. നനഞ്ഞ ചുമരുകളിൽ പായലുകൾ നിറഞ്ഞിട്ടുണ്ട്. ജനലുകളും കെട്ടിടങ്ങളും ദ്രവിച്ച് അടർന്നുവീഴാറായ അവസ്ഥയിലാണ്. കോൺക്രീറ്റ് കെട്ടിടത്തിന്റെ പലഭാഗത്തും ചോർച്ചയുണ്ട്. ജീവനക്കാർക്ക് രണ്ടാം നിലയിലെ ഓഫീസുകളിൽ പോലും ഇരിക്കാൻ സാധിക്കുന്നില്ല.