കൊച്ചി: കളമശേരിയിൽ അബ്ദുൾ ഗഫൂറിന്റെ തോൽവിക്ക് കാരണം മുസ്‌ളീം ലീഗിലെ തർക്കങ്ങളാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇബ്രാഹിംകുഞ്ഞിന്റെ ബൂത്തിൽ പോലും പിന്നിലായിട്ടും കോൺഗ്രസിനു മേൽ തോൽവിയുടെ ഉത്തരവാദിത്വം കെട്ടിവയ്ക്കാനുള്ള നീക്കം ശരില്ല.ലീഗിലെ ഒരുവിഭാഗത്തിന്റെ നിസഹകരണവും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതയുമാണ് തോൽവിയിലേക്ക് നയിച്ചതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വൈ. ഷാജഹാൻ പറഞ്ഞു. വസ്തുതകൾ കാണാതെ കോൺഗ്രസിനെ പഴിചാരാനുള്ള ലീഗ് നീക്കം അപഹാസ്യമാണ്. ലീഗിലെ തർക്കങ്ങളാണ് തിരിച്ചടിക്ക് കാരണം. പരാജയത്തിന്റെ ഉത്തരവാദിത്വം ലീഗ് നേതൃത്വത്തിന് മാത്രമാണ്. മണ്ഡലത്തിൽ വോട്ടുള്ള ലീഗിന്റെ സംസ്ഥാന, ജില്ലാ നേതാക്കളുടെ ബൂത്തുകളിൽ പോലും അബ്ദുൾ ഗഫൂർ പിന്നിലായി. ഇബ്രാഹിംകുഞ്ഞിനോ മകനോ സീറ്റ് നൽകരുതെന്നും കോൺഗ്രസ് ഏറ്റെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇരുവരും മത്സരിക്കുന്നത് തോൽവിക്കും ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സാദ്ധ്യതയെ ബാധിക്കുമെന്നും സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് താൻ കത്ത് നൽകിയിരുന്നെങ്കിലും അംഗീകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.