ആലുവ: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ പരിസരം നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ആലുവ നഗരസഭ 11 -ാംവാർഡിൽ ജനത റോഡിന് പിൻവശത്തെ കെട്ടിടത്തിലാണ് 12 അന്യസംസ്ഥാനക്കാർ താമസിച്ചിരുന്നത്.
കെട്ടിടം കാലപ്പഴക്കമില്ലാത്തതാണെങ്കിലും പരിസരമാകെ കാടുപിടിച്ച് കിടക്കുകയായിരുന്നു. ഇവിടെ താമസിക്കുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചോയെന്നറിയാൻ എത്തിയ നഗരസഭ കൗൺസിലർ പ്രീത രവിയാണ് പരിസരശുചീകരണത്തിന് നേതൃത്വം നൽകിയത്. കുറച്ചുനാൾ മുമ്പ് ഇവിടത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മലിനജലം പുറത്തേക്ക് വരുന്നതായി ആക്ഷേപമുണ്ടായതിനെ തുടർന്ന് പൊലീസ് ഇടപെട്ടാണ് പരിഹരിച്ചത്. താമസക്കാർക്കെല്ലാം ആധാർ കാർഡ് ഉള്ളതിനാൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ വാക്സിൻ ലഭിക്കുമെന്ന് കൗൺസിലർ പറഞ്ഞു.