പറവൂർ: ആദ്യഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ച നഗരസഭാ പ്രദേശത്തുള്ളവർക്ക് രണ്ടാംഡോസ് ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ ഇതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ അധികൃതർ വരുത്തുന്ന വീഴ്ചയാണ് ഇതിനുകാരണം.
45വയസ് കഴിഞ്ഞവർക്ക് നഗരസഭയുടെ നേതൃത്വത്തിൽ രംഗനാഥ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ വാക്സിനേഷൻ ക്യാമ്പിൽ 3000 പേരും നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ ഏകദേശം 2000 പേരും ആദ്യഡോസ് വാക്സിൻ എടുത്തിരുന്നു. കോവിഷീൽഡ് വാക്സിനാണ് ഇതിൽ ഭൂരിഭാഗം പേരും എടുത്തത്. ഇങ്ങനെ എടുത്തവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയപരിധിയിൽ കോവിഷീൽഡ് വാക്സിന് പകരം കോവാക്സിനാണ് ലഭ്യമായിരുന്നത്. ഇതിനാൽ രണ്ടാംഡോസ് എടുക്കാനായിട്ടില്ല. സമീപ പഞ്ചായത്തുകളിലുള്ളവർക്ക് പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷന് മതിയായ സൗകര്യം ഒരുക്കിയിട്ടുണ്ട്. മുനിസിപ്പൽ പ്രദേശത്തുള്ളവരുടെ ഏക ആശ്രയം താലൂക്ക് ആശുപത്രിയാണ്. ഇവിടെ വേണ്ട പരിഗണന നഗരവാസികൾക്ക് ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
നഗരവാസികൾക്ക് താലൂക്ക് ആശുപത്രിയിൽ പ്രഥമ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ജില്ലാ കളക്ടർ, ഡി.എം.ഒ എന്നിവർക്ക് കത്ത് നൽകി. അർഹരായവർക്ക് അടിയന്തരമായി രണ്ടാംഡോസ് വാക്സിൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഷീൽഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് രണ്ടാം ഡോസിന് അർഹരായ 29 വാർഡുകളിലുള്ളവരുടെയും മുൻഗണനാലിസ്റ്റ് തയ്യാറാക്കി ടേൺ നിശ്ചയിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ സ്വീകരിക്കുമെന്ന് പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.