അങ്കമാലി: അങ്കമാലിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി റോജി എം.ജോൺ വൻഭൂരിപക്ഷത്തിൽ വിജയിച്ചത് 186 ബൂത്തുകളിൽ ആധിപത്യം നേടി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിലിന് മേൽകൈ കിട്ടിയത് 70 ബൂത്തുകളിൽ മാത്രം. ഒരു ബൂത്തിൽ സമനില നേടി. മണ്ഡലത്തിൽ ഇക്കുറി 257 ബൂത്തുകൾ
ഉണ്ടായിരുന്നു. കറുകുറ്റി പഞ്ചായത്തിലെ ഏഴാം ബൂത്തിലാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യവോട്ട് ലഭിച്ചത്. ഇരുകൂട്ടർക്കും 193 വോട്ട് വീതം ലഭിച്ചപ്പോൾ എൻ.ഡി.എയ്ക്ക് കിട്ടിയത് 22 വോട്ടാണ്.

കറുകുറ്റി പഞ്ചായത്തിൽ റോജി 26 ബൂത്തുകളിൽ മേൽക്കൈ നേടി. ജോസ് തെറ്റയിലിന് ആറ് ബൂത്തുകളിലേ മുന്നേറാനായുള്ളു. മഞ്ഞപ്ര പഞ്ചായത്തിൽ ജോസ് തെറ്റയിലിന് മൂന്ന് ബൂത്തുകളിൽ മാത്രമേ നേട്ടമുണ്ടാക്കാനായുള്ളൂ. റോജി ഇവിടെ 16 ബൂത്തുകളിൽ ആധിപത്യം ഉറപ്പിച്ചു. അയ്യമ്പുഴ പഞ്ചായത്തിൽ ജോസ്
തെറ്റയിലിന് ഏഴ് ബൂത്തുകളിൽ മാത്രമാണ് മേൽക്കൈ ഉണ്ടായത്. റോജിക്കിവിടെ ഒമ്പത് ബൂത്തുകളിൽ
മുന്നേറാനായി. മൂക്കന്നൂർ പഞ്ചായത്തിൽ 16 ബൂത്തുകളിൽ റോജി തിളങ്ങി. ജോസ് തെറ്റയിലിന് തിളങ്ങാനായത് ഏഴ് ബൂത്തുകളിൽ മാത്രമാണ്. പാറക്കടവ് പഞ്ചായത്തിൽ ജോസ് തെറ്റയിലിന് 14 ബൂത്തുകളിൽ മേൽക്കൈ ലഭിച്ചപ്പോൾ 25 ബൂത്തുകൾ സ്വന്തമാക്കി റോജി മുന്നിലെത്തി.

ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച അങ്കമാലി നഗരസഭയിൽ റോജി 31 ബൂത്തുകളിൽ ആധിപത്യം നേടി. ജോസ് തെറ്റയിലിന് എട്ട് ബൂത്തുകളിലേ മുന്നേറാനായുള്ളു. തുറവൂർ പഞ്ചായത്തിൽ ജോസ് തെറ്റയിലിന്
മേൽക്കൈ ലഭിച്ചത് അഞ്ച് ബൂത്തുകളിലാണ്. റോജി 19 ബൂത്തുകളിൽ കരുത്തുകാട്ടി. കാലടി പഞ്ചായത്തിൽ റോജി 25 ബൂത്തുകളിൽ മുന്നേറിയപ്പോൾ ജോസ് തെറ്റയിലിന് ലീഡ് ലഭിച്ചത് ഏഴ് ബൂത്തുകളിൽ മാത്രം. മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ജോസ് തെറ്റയിൽ 13 ബൂത്തുകളിൽ തിളങ്ങി. റോജി 19 ബൂത്തുകളിൽ മുന്നിലെത്തി ഭൂരിപക്ഷം ഉയർത്തി.