വൈപ്പിൻ: കൊവിഡ് സ്ഥിരീകരിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 80 ശതമാനമാകുകയും ചെയ്‌തോടെ പള്ളിപ്പുറം പഞ്ചായത്തിലെ എല്ലാ വാർഡുകളും ഇന്നലെ വൈകിട്ട് അടച്ചുകെട്ടി. ഒരു വാർഡിൽ ഒരു വഴി എന്ന തോതിൽ സംസ്ഥാനപാതയിൽനിന്ന് വാർഡിലേക്ക് പ്രവേശിക്കുന്നിടത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഈ വഴിയിൽകൂടി ആംബുലൻസ്, മറ്റ് അത്യാവശ്യ വാഹനങ്ങൾ എന്നിവ കടത്തിവിടും. നിയന്ത്രണത്തിന് വാർഡുതല ആർ.ആർ.ടികളുടെ വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്.
കൊവിഡ് രോഗികൾ ഇല്ലാത്ത വീടുകളിലുള്ളവർക്ക് ജോലിക്ക് പോകുന്നതിന് തടസമില്ല. ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ പോകുന്നതിനും നിയന്ത്രണമില്ല. ഇന്ന് മുതൽ മുനമ്പം ഹാർബറുകളിൽ ഫിഷിംഗ് ബോട്ടുകൾ അടുപ്പിക്കുന്നതും കടലിലേക്ക് പോകുന്നതും നിരോധിച്ചിട്ടുണ്ട്. ഓക്‌സിജൻ നൽകേണ്ടവർക്ക് എസ്.സി. കമ്മ്യൂണിറ്റി ഹാളിൽ സൗകര്യം ഏർപ്പെടുത്തി. ഇവിടെ ഇതിനായി എട്ട് ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന സിദ്ധആശുപത്രി കോവിലകത്തുംകടവിലെ ആയുർവേദ ആശുപത്രിയിലേക്കും വി.ഇ.ഒ ഓഫീസ് പഞ്ചായത്ത് ഓഫീസിലേക്കും മാറ്റും.