പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ട് കൂടിയപ്പോൾ എൻ.ഡി.എയ്ക്ക് ഗണ്യമായി കുറഞ്ഞു. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ 7,279 വോട്ടുകളാണ് കൂടുതൽ ലഭിച്ചത്. എൽ.ഡി.എഫിന് 6,612 വോട്ടുകൾ അധികംകിട്ടി. എൻ.ഡി.എയ്ക്ക് കുറഞ്ഞത് 15,133 വോട്ടുകൾ. 10,302 വോട്ടർമാർ ഇത്തവണ നിയോജകമണ്ഡലത്തിൽ കൂടിയെങ്കിലും പോൾചെയ്ത വോട്ടുകളുടെഎണ്ണം കഴിഞ്ഞതവണത്തെക്കാൾ 3,095 കുറവാണ്.
നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് വ്യക്തമായ മേൽക്കൈനേടി. ഇടതുകോട്ടയായ വടക്കേക്കര പഞ്ചായത്തിൽ ആദ്യമായാണ് മുന്നിലെത്തിയത്. മറ്റെല്ലായിടത്തും ഭൂരിപക്ഷം നേടിയാലും വടക്കേക്കരയിൽ പിന്നിലാകുന്ന ചരിത്രമാണ് തിരുത്തിയത്. കഴിഞ്ഞതവണ ഒമ്പത് ബൂത്തുകളിൽ മാത്രം ലീഡ് ചെയ്ത യു.ഡി.എഫ് പഞ്ചായത്തിൽ 812 വോട്ടുകൾക്ക് പിന്നിലായി. ഇക്കുറി പഞ്ചായത്തിലെ 25 ബൂത്തുകളിൽ പതിനഞ്ചിലും മേൽക്കൈ നേടിയ യു.ഡി.എഫ് 1148 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി. ചെട്ടിക്കാട്, സത്താർ ഐലൻഡ്, കൊട്ടുവള്ളിക്കാട്, തറയിൽ കവല, മൂത്തകുന്നം, മടപ്ലാതുരുത്ത്, ചാറക്കാട്, തുരുത്തിപ്പുറം, ഒറവൻതുരുത്ത്, കുഞ്ഞിത്തൈ, മുറവൻതുരുത്ത് എന്നിവിടങ്ങളിലെ ബൂത്തുകളാണ് യു.ഡി.എഫിന് ഒപ്പം നിന്നത്. പുത്തൻവേലിക്കരയിൽ 1486, ചേന്ദമംഗലത്ത് 3046, ചിറ്റാറ്റുകരയിൽ 1160, കോട്ടുവള്ളിയിൽ 3903, ഏഴിക്കരയിൽ 2262, വരാപ്പുഴയിൽ 4303, നഗരസഭയിൽ 4161 എന്നിങ്ങനെയാണ് സതീശന്റെ ഭൂരിപക്ഷം. എൽ.ഡി.എഫിന് ഒരു തദ്ദേശസ്ഥാപനത്തിൽപോലും ലീഡ് നേടാനായില്ല.
-----------------------------
എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ തെറ്റി
യു.ഡി.എഫ് സ്ഥാനാർഥി വി.ഡി. സതീശന്റെ ഭൂരിപക്ഷം ഇക്കുറി കുറയ്ക്കാൻ കഴിയുമെന്ന കണക്കുകൂട്ടൽ തെറ്റി. സി.പി.ഐ സ്ഥാനാർത്ഥി എം.ടി. നിക്സനുവേണ്ടി സി.പി.ഐയും സി.പി.എമ്മും സജീവമായി രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. വോട്ടെണ്ണലിന് മുമ്പുവരെ യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയുമെന്നായിരുന്നു ബൂത്തുകളിൽനിന്നും ലഭിച്ച കണക്കുകളും അടിസ്ഥാനത്തിൽ എൽ.ഡി.എഫിന്റെ വിലയിരുത്തൽ. പതിനായിരത്തിൽ താഴെ ആകാൻപോലും സാദ്ധ്യതയുണ്ടെന്നായിരുന്നു നിഗമനം. ഇടതുപക്ഷത്തിന് ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള മണ്ഡലമായിട്ടും യു.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിച്ചത് പാർട്ടിക്കുള്ളിൽ ചർച്ചയാകും. മണ്ഡലത്തിൽ സുപരിചിതനായ വ്യക്തിയെ സ്ഥാനാർത്ഥിയാക്കണമെന്ന സി.പി.എമ്മിന്റെയും സി.പി.ഐയിലെ ഒരു വിഭാഗത്തിന്റെയും ആവശ്യം പരിഗണിക്കാതിരുന്നതും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതും തിരിച്ചടിയായെന്നാണ് പ്രവർത്തകർ പറയുന്നത്.
എൻ.ഡി.എയിൽ വിവാദങ്ങളുണ്ടാകും
പറവൂർ മണ്ഡലത്തിൽ വോട്ട് ഗണ്യമായി കുറഞ്ഞത് എൻ.ഡി.എയിൽ വിവാദങ്ങൾക്കു വഴിവച്ചേക്കും. കഴിഞ്ഞതവണ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി മത്സരിച്ച എസ്.എൻ.ഡി.പി യോഗം യൂണിയൻ സെക്രട്ടറിയായ ഹരി വിജയന് 28,097 വോട്ട് ലഭിച്ചിരുന്നു. ഇക്കുറി ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ മുൻ അഡ്മിനിസ്ട്രറ്ററുമായിരുന്ന എ.ബി. ജയപ്രകാശ് മത്സരിച്ചപ്പോൾ നേടാനായത് 12964 വോട്ടുകളാണ്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളിലടക്കം വോട്ടുചോർച്ചയുണ്ടായി. എൻ.ഡി.എയുടെ സംഘടനാ സംവിധാനത്തിലെ അപാകതയാണ് ഇതിന് കാരണമെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. പലയിടങ്ങളിൽ ബി.ജി.പി പ്രവർത്തകർ പ്രചരണത്തിൽ സജീവമായിരുന്നില്ല. സംഘപരിവാർ സംഘടനകളുടെ പ്രവർത്തനം സജീവമായി നടക്കുന്ന പറവൂരിൽ ബി.ജെ.പി മത്സരിക്കാതെ ബി.ഡി.ജെ.എസിന് വിട്ടുനൽകിയതിൽ തുടക്കത്തിലേ പ്രതിഷേധമുയർന്നിരുന്നു.