പറവൂർ: വെന്റിലേറ്റർ സൗകര്യം കുറയുന്നതിനാൽ കൊവിഡ് രോഗികളടക്കം ആശങ്കയിൽ. കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച് പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയ യുവാവിന് എറണാകുളം, തൃശൂർ ജില്ലയിലെ ഒട്ടേറെ ആശുപത്രികളിൽ അന്വേഷിച്ചിട്ടും വെന്റിലേറ്റർ ലഭിച്ചില്ല. ഒടുവിൽ ഇരിങ്ങാലക്കുടയിലെ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ നൽകി ജീവൻ നിലനിർത്തുകയാണ്. അതീവ ഗുരുതരാവസ്ഥയിലാണ് ഇയാൾ.
പള്ളുരുത്തി സ്വദേശിയായ യുവാവ് കൈതാരത്താണ് താമസിക്കുന്നത്. യുവാവിന്റെ പിതാവിന് കൊവിഡ് ബാധയുണ്ടാതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പിതാവിനെ ആശുപത്രിയിൽ കൊണ്ടുവന്ന ശേഷമാണ് ഇയാൾക്ക് ശ്വാസതടസവും മറ്റു ബുദ്ധിമുട്ടുകളുമുണ്ടായത്. നഗരത്തിലെയും ആലുവ, എറണാകുളം, കൊടുങ്ങല്ലൂർ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും വെന്റിലേറ്റർ ലഭ്യമായില്ല. ഒരു സ്വകാര്യ ആശുപത്രിയിൽ മൂന്ന് വെന്റിലേറ്റർ ഉണ്ടെന്ന് അറിയിച്ചെങ്കിലും രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. അൽപം കഴിഞ്ഞ് വിളിച്ചപ്പോൾ മൂന്നിലും വേറെ രോഗികൾ എത്തിയെന്ന് അറിയിച്ചു. ഒടുവിലാണ് ഇരിങ്ങാലക്കുടയിലേക്കു മാറ്റിയത്.