തൃക്കാക്കര: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ 1042 പേർക്കെതിരെ ഇന്നലെ സിറ്റി പൊലീസ് കേസെടുത്തു. മാസ്‌ക് ധരിക്കാത്തതിനും, സാമൂഹിക അകലം പാലിക്കാത്തതിനുമാണ് കേസുകൾ.
455 പേർക്ക് കോടതിയിൽ പിഴ അടക്കാൻ നോട്ടീസ് കൊടുത്തു. 13,979 പേരെ താക്കീത് നൽകി വിട്ടു. ഇവർ വീണ്ടും കൊവിഡ് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി ഐശ്വര്യ ഡോംഗ്റെ പറഞ്ഞു. സി.സി.ടി.വി ക്യാമറയിലൂടെ വാഹനങ്ങളുടെ നമ്പറുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ആവശ്യമില്ലാതെ യാത്ര ചെയ്യുന്നവരാണെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടി സ്വീകരിക്കും.കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് മരുന്നുകൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങൾ ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി വീടുകളിൽ എത്തിക്കും.
ഇന്നുമുതൽ കർശനമാക്കും
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നുമുതൽ ഉണ്ടാകുക. നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്രചെയ്യാം.