വൈപ്പിൻ: വൈപ്പിനിൽകൊവിഡ് വ്യാപനം കൂടുതൽ രൂക്ഷമായി. ഇന്നലെ കൊവിഡ് ബാധിതർ3162 ആയി ഉയർന്നു. മേഖലയുടെ വടക്കേ ഭാഗത്തുള്ള പള്ളിപ്പുറത്തും തെക്കേ ഭാഗത്തുള്ള എളങ്കുന്നപ്പുഴയിലുമാണ് കൂടുതൽ രോഗബാധിതർ. ഈ പഞ്ചായത്തുകളും ഞാറക്കൽ, നായരമ്പലം പഞ്ചായത്തുകളും ഇപ്പോൾ കണ്ടെയ്‌ൻമെന്റ് സോണിലാണ്. പള്ളിപ്പുറത്ത് ചെറായി പാലം, മാല്യങ്കര പാലം എന്നിവിടങ്ങളിൽ പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കും ഡബിൾ മാസ്‌ക് ധരിക്കാത്തവർക്കും പിഴ ഇടുകയും പിഴ നൽകാൻ തയ്യാറാകാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നുണ്ട്.
ഹാർബറുകൾ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗ വ്യാപനമുണ്ടായതെന്നതിനാൽ മുനമ്പത്തെ രണ്ട് ഹാർബറുകളും അടച്ചു. പലചരക്ക്, പച്ചക്കറി, മത്സ്യം, മരുന്ന് എന്നിവയുടെ കടകൾ ഒഴിച്ച് മറ്റൊരു വ്യാപാരസ്ഥാപനങ്ങളും തുറക്കുന്നില്ല.
പള്ളിപ്പുറം1078, എളങ്കുന്നപ്പുഴ 946, ഞാറക്കൽ 445, നായരമ്പലം 318, എടവനക്കാട് 248, കുഴുപ്പിള്ളി 127 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്.