കൊച്ചി: കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ വേണ്ടത്ര പൊലീസിനെ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഡി.ജി.പിയോടു നിർദ്ദേശിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നെന്ന വാർത്തകളെത്തുടർന്ന് സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ.കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ബലം പ്രയോഗിക്കരുതെന്നും അനുഭാവപൂർവം പെരുമാറണമെന്നും ഇടക്കാല ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിയതോടെ വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കു നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുൻകൂട്ടി ഒാൺലൈൻ രജിസ്റ്റർ ചെയ്‌തവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നതെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വാദിച്ചു. എന്നാൽ സ്പോട്ട് രജിസ്ട്രേഷൻ നിറുത്തിയശേഷവും വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടായെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വാക്സിൻ ലഭിക്കാതെ വരുമോയെന്നതടക്കമുള്ള ആശങ്കകളാലാണ് ജനം തിരക്കു കൂട്ടുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാത്തിരിപ്പു മുറി, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ വേണമെന്നും സാമൂഹിക അകലം ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്. തിരക്ക് അനിയന്ത്രിതമായാൽ വാക്സിനേഷൻ എന്ന ലക്ഷ്യത്തിനു തന്നെ തിരിച്ചടിയാകും. കൊവിഡിന്റെ സൂപ്പർ സ്‌പ്രെഡിന് വഴിയൊരുക്കും - ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും ഡി.ജി.പിയെയും ഉൾപ്പെടെ കക്ഷി ചേർത്ത് ഹർജി മേയ് ഏഴിലേക്ക് മാറ്റിയത്.
4.75ലക്ഷം ഡോസ് വാക്സിൻ എത്തി
തിരുവനന്തപുരം : വാക്സിൻ ക്ഷാമം രൂക്ഷമായിരിക്കെ സംസ്ഥാനത്ത് 47500 ഡോസ് വാക്സിൻ കൂടി എത്തി. 4 ലക്ഷം ഡോസ് കൊവിഷീൽഡും 75000 ഡോസ് കൊവാക്സിനുമാണ് എത്തിയത്. ഇന്നലെ രാത്രി 8.30 ഇൻഡിഗോ വിമാനത്തിലെത്തിയ വാക്സിൻ റീജിയണൽ വാക്സിൻ സ്റ്റോറുകളിലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലയ്ക്ക് 40000 ഡോസ് വാക്സിൻ ലഭ്യമാകും. മറ്റുജില്ലകൾക്കുള്ളത് ഇന്ന് കൈമാറും.