കൊച്ചി: ട്രെയിനിൽ സർക്കാർ ഉദ്യോഗസ്ഥയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതി കായംകുളം നൂറനാട് സ്വദേശി ബാബുക്കുട്ടനെ പിടികൂടിയത് ഏഴാം നാൾ. ആക്രമണത്തിനിരയായ മുളന്തുരുത്തി സ്വദേശിനി ആശ ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് പ്രതി പിടിയിലായത്.

കഴിഞ്ഞ 28ന് ഗുരുവായൂർ - പുനലൂർ പാസഞ്ചർ മുളന്തുരുത്തി സ്‌റ്റേഷനിൽ നിന്ന് പുറപ്പെട്ട് പത്തു മിനിറ്റിനകമായിരുന്നു ആക്രമണം. എസ്. ഒമ്പത് കോച്ചിൽ കയറിയ അക്രമി സ്‌ക്രൂ ഡ്രൈവർ കഴുത്തിൽ കുത്തിയിറക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവരുകയായിരുന്നു. മുടിയിൽ കുത്തിപ്പിടിച്ച് ടോയ്ലറ്റ് ഭാഗത്തേക്ക് വലിച്ചിഴയ്ക്കുന്നതിനിടെ ആശ ട്രെയിനിൽ നിന്ന് ചാടി. വേഗത കുറഞ്ഞ സ്ഥലമായതിനാൽ കാര്യമായി പരിക്കേറ്റില്ല. ആക്രമണത്തിന് ശേഷം ചെങ്ങന്നൂരിൽ ഇറങ്ങി ബാബുക്കുട്ടൻ ഒളിവിൽ പോയി. ആശയുടെ ഐഡന്റിറ്റി കാർഡ് ചെങ്ങന്നൂർ സ്‌റ്റേഷന് സമീപത്തുനിന്ന് ലഭിച്ചിരുന്നു. ചെങ്ങന്നൂരിൽ നിന്ന് കോഴഞ്ചേരി വഴി ഇയാൾ ചിറ്റാറിലെ വനമേഖലയിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.എന്നാൽ, എറണാകുളത്തെ പറവൂരിൽ നിന്ന് ഇന്നലെ ചിറ്റാറിലെത്തിയെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ട്രെയിനിൽ ഉൾപ്പെടെ നിരവധി ആക്രമണക്കേസുകളിൽ പ്രതിയാണ് ബാബുക്കുട്ടൻ. സ്ഥിരമായി എങ്ങും തങ്ങാറില്ല.

ആലപ്പുഴ നൂറനാട്ടെ വീട്ടിലും സഹോദരിയുടെ വീട്ടിലും റെയിൽവേ പൊലീസും ആർ.പി.എഫും ലോക്കൽ പൊലീസും പരിശോധന നടത്തിയിരുന്നു. ബന്ധമുള്ള കുറ്റവാളികളെയും ഒപ്പം ജയിൽവാസം അനുഭവിച്ചവരെയും ചോദ്യം ചെയ്തു.

കേരളത്തിന് പുറത്ത് കടന്നതായി സംശയിച്ച് തമിഴ്‌നാട്ടിലും കർണാടകത്തിലും അന്വേഷിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസിറക്കി. സോഷ്യൽ മീഡിയയിൽ പ്രചാരണവും നടത്തി.

 സന്തോഷമെന്ന് ആശയുടെ കുടുംബം

പ്രതിയെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ആശയുടെ ഭർത്താവ് രാഹുൽ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ വൈകിട്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് ആശ വീട്ടിലെത്തുന്നതിന് തൊട്ടു മുമ്പാണ് പ്രതി പിടിയിലായെന്ന വിവരം ലഭിച്ചത്. ആശയുടെ ആരോഗ്യനില ഭദ്രമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.