പാവറട്ടി : പ്രശസ്ത ഗായകൻ വി.ബി. സിംഗൻ (കലാഭവൻ സിംഗൻ- 52) നിര്യാതനായി. ഉയർന്ന രക്തസമ്മർദ്ദം മൂലം രണ്ട് ദിവസമായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് മരിച്ചത്.
കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി (കാഫ്), സ്വരം തൃശൂർ എന്നീ കലാകാര സംഘടനകളിൽ അംഗമായിരുന്നു. 33 വർഷങ്ങളായി ഗാനമേള രംഗത്ത് പ്രവർത്തിക്കുന്ന സിംഗൻ കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലും നിരവധി സ്റ്റേജ് പരിപാടികളിൽ പാടി ആസ്വാദകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. ഇതിനിടെ കുറച്ച് വർഷങ്ങൾ കുവൈറ്റിൽ ജോലി ചെയ്തിരുന്നു. അവിടെ പിന്നണി ഗായകരുടെ മെഗാ പരിപാടികളിലും പങ്കെടുക്കാറുണ്ടായിരുന്നു.
കൊച്ചിൻ കലാഭവനിലും തൃശൂരിലെ ഒട്ടനവധി ഗാനമേള ഗ്രൂപ്പുകളിലും സഹകരിച്ചിട്ടുണ്ട്. ഏനാമാവ് വെങ്കിടങ്ങിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകനാണ് സിംഗൻ. അമ്മ: ലക്ഷ്മി. ഭാര്യ: ഗിരിജ. സഹോദരൻ: ബിന്ദുകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് നടക്കും.