കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് നിരീക്ഷകനായി എത്തിയ ഒറീസ അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഉദ്യോഗസ്ഥൻ ബ്രജ ഗോപാൽ ആചാര്യയെ (56) കൊവി​ഡ് പോസി​റ്റീവായതിനെ തുടർന്ന് കൊവി​ഡ് ചി​കി​ത്സാ കേന്ദ്രമായ കലൂർ പി​.വി​.എസ് ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു. ഏപ്രി​ൽ 28ന് എറണാകുളത്ത് എത്തി​യ ഇദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസി​ലാണ് താമസി​ച്ചി​രുന്നത്. മറ്റ് 15 അന്യസംസ്ഥാന നിരീക്ഷകരും ഇവിടെ താമസിച്ചിരുന്നു. ഇവരെല്ലാം കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. ഏപ്രിൽ ഒന്നിനാണ് ഇദ്ദേഹം കൊവിഡ് പോസിറ്റീവായത്. എങ്കിലും ഗസ്റ്റ് ഹൗസിൽ തുടർന്നു. എഫ്.എൽ.ടി.സിയിലേക്ക് മാറാൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് സർവെയ്ലൻസ് വിഭാഗം നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ലെന്നാണ് സൂചന. ഇന്നലെ ഒൗദ്യോഗികമായി നോട്ടീസും നൽകിയിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45നാണ് പി.വി.എസിലേക്ക് മാറ്റിയത്.