കൊച്ചി: തൃപ്പൂണിത്തുറയിൽ താൻ ജയിച്ചത് ബി.ജെ.പിയുടെ വോട്ട് വാങ്ങിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് വസ്തുതകളുടെ പിൻബലമില്ലെന്നും ജനങ്ങളെ അപമാനിക്കലാണെന്നും കോൺഗ്രസ് നേതാവ് കെ. ബാബു പറഞ്ഞു. 2016ൽ ബി.ജെ.പിക്ക് ലഭിച്ചത് 29,843 വോട്ടാണ്. ആദ്ധ്യാത്മിക പ്രഭാഷകനും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ. തുറവൂർ വിശ്വംഭരനായിരുന്നു സ്ഥാനാർത്ഥി. അദ്ദേഹത്തിന് ലഭിച്ച ഹൈന്ദവ വിശ്വാസികളുടെയും പൂർവവിദ്യാർഥികളായ ശിഷ്യന്മാരുടെയും പിന്തുണ വോട്ടിൽ പ്രതിഫലിച്ചു. ഇത്തവണത്തെ സ്ഥാനാർത്ഥിക്ക് പ്രൊഫ. തുറവൂർ വിശ്വംഭരനേക്കാൾ മികവും ആകർഷകത്വവുമില്ല. 2016 ൽ ബി.ജെ.പി യോടൊപ്പം ബി.ഡി.ജെ.എസ് നിലയുറപ്പിച്ചിരുന്നു. നരേന്ദ്രമോദി തന്നെ പ്രചാരണത്തിന് എത്തിയതും നേട്ടമായിയിരുന്നു. പിണറായിയുടെ ആരോപണം തന്റെ 'പൊന്നിൻകുടം' ഉടഞ്ഞു തകർന്നതിന്റെ ജാള്യത മറയ്ക്കാനാണ്. സ്വന്തം സ്ഥാനാർത്ഥിയുടെ പ്രവർത്തന ശൈലിയും ഹൈന്ദവ സമൂഹത്തെ വേദനിപ്പിച്ചതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചത് സി.പി.എം പരിശോധിക്കണം. പൊരുതി നേടിയ വിജയത്തെ പിണറായി വിജയൻ എത്ര ഇകഴ്ത്തിയാലും തൃപ്പൂണിത്തുറയിലെ വോട്ടർമാർ പുച്ഛിച്ചു തള്ളുമെന്ന് ബാബു പറഞ്ഞു.