കൊച്ചി: സ്വതന്ത്രൻമാരുടെ പിന്തുണയോടെ പിടിച്ചുനിൽക്കുന്ന കൊച്ചി കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണസമിതിക്ക് പിണറായി സർക്കാരിന്റെ തുടർഭരണം താങ്ങാകും. രണ്ട് യു.ഡി.എഫ് വിമതൻമാരുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് മേയർ അഡ്വ.എം. അനിൽകുമാർ ഭരണത്തിൽ തുടരുന്നത് .തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിൽ ഭരണം കൈവിട്ടുപോയ യു.ഡി.എഫ് സ്വതന്ത്രൻമാരെ ഒപ്പം കൂട്ടാൻ ആവുന്നത്ര ശ്രമിച്ചെങ്കിലും മുസ്ളീംലീഗ് വിമതനായ ടി.കെ.അഷ്റഫ്, കോൺഗ്രസ് വിമതൻ സനിൽമോൻ.ജെ എന്നിവർക്ക് സ്ഥിരംസമിതി ചെയർമാൻ സ്ഥാനം നൽകി എൽ.ഡി.എഫ് ഇവരുടെ പിന്തുണ ഉറപ്പാക്കി. എന്നാൽ ഇത് താത്കാലിക നഷ്‌ടം മാത്രമാണെന്നും യു.ഡി.എഫ് സർക്കാർ തിരിച്ചെത്തിയാൽ ആറു മാസത്തിനകം കോർപ്പറേഷൻ പിടിച്ചെടുക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൊച്ചിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിക്ക് വേണ്ടി ടി.കെ.അഷ്റഫും സനിൽമോനും പ്രചാരണത്തിനിറങ്ങിയത് ഇടതുപക്ഷത്തെ സമ്മർദ്ദത്തിലാക്കി .എങ്കിലും

ഭരണസമിതിയുടെ കെട്ടുറപ്പിനെ ബാധിച്ചേക്കുമെന്ന ഭയത്താൽ നേതൃത്വം മൗനംപാലിച്ചു. എന്നാൽ ഇപ്പോൾ മികച്ച ഭൂരിപക്ഷത്തിൽ സർക്കാർ തിരിച്ചെത്തിയതോടെ വിമതൻമാർക്ക് കടിഞ്ഞാണിടാൻ എൽ.ഡി.എഫ് നീക്കം തുടങ്ങി.

 കൗൺസിലർ ഒപ്പമുണ്ട്

പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു മാസം തികയുംമുമ്പ് കൊച്ചങ്ങാടി ( ആറാം ഡിവിഷൻ )സി.പി.എം കൗൺസിലറായ എം.എച്ച്.എം അഷ്‌റഫ് പാർട്ടി മെമ്പർഷിപ്പും മട്ടാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗത്വവും രാജിവച്ചത് എൽ.ഡി.എഫിനെ ഞെട്ടിച്ചിരുന്നു. അദ്ധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വോട്ടു ചെയ്ത ശേഷം മാദ്ധ്യമങ്ങളുടെ മുന്നിൽ വച്ചായിരുന്നു രാജിപ്രഖ്യാപനം. അനുകൂലമായ രാഷ്‌ട്രീയസാഹചര്യം വന്നാൽ അഷ്‌റഫിന്റെ പിന്തുണയും തങ്ങൾക്ക് ലഭിക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ ഭരണമാറ്റം വന്നതോടെ ആ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.

നിലവിൽ എട്ടു സ്ഥിരംസമിതികളിൽ ആറെണ്ണത്തിന്റെ നേതൃത്വം എൽ.ഡി.എഫിനും ഓരോന്നു വീതം യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ആണ് ലഭിച്ചിരിക്കുന്നത്.

 നഗരത്തിന് പുതിയ

പ്രതീക്ഷകൾ

ഭരണസ്ഥിരത മാത്രമല്ല കോർപ്പറേഷന്റെ സ്വപ്നപദ്ധതികളായ തമ്മനം - പുല്ലേപ്പടി റോഡ് നവീകരണം, കനാലുകളുടെ പുനരുദ്ധാരണം , ഗോശ്രീ - മാമംഗലം എന്നിവ യാഥാർത്ഥ്യമാക്കുന്നതിനും ഭരണതുടർച്ച വഴിവയ്ക്കുമെന്ന് പ്രതീക്ഷയുണ്ട്. അതോടൊപ്പം നഗരത്തെ അടുത്തറിയുന്ന പി.രാജീവ് എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചാൽ കൊച്ചി വികസനത്തിന്റെ പുതിയ ചരിത്രം കുറിക്കുമെന്ന് ഭരണസമിതി കരുതുന്നു.