mambazham
മൂവാറ്റുപുഴ നഗരത്തിനടുത്ത് വാഴപ്പിള്ളിയിൽ വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പഴ ക്കട

മൂവാറ്റുപുഴ: നാടെങ്ങും മാമ്പഴവിപണി ഉണർന്നെങ്കിലും വിലയിൽ കുറവില്ല. നാടൻ മാമ്പഴ ഇനങ്ങൾ അടക്കം ധാരാളമുണ്ടെങ്കിലും വിലകത്തിക്കയറുകയാണ്. തനി നാടൻ ഇനമായ മൂവാണ്ടന് രണ്ട് കിലോ 100 രൂപയാണ്. മാങ്ങയുടെ വിളവ് വർദ്ധിച്ചതോടെ പ്രാദേശികമായി സംഭരിച്ച് നാടൻ രീതിയിൽ പഴുപ്പിച്ച് എടുത്തവയാണ് വിപണിയിൽ കൂടുതലും. വീട്ടുവളപ്പിലെ മാങ്ങ വയ്ക്കോൽ കച്ചിയിലും കരിയിലകൾക്കുള്ളിലും മറ്റ് രീതികളിലും പഴുപ്പിച്ചെടുത്ത് വഴിയോരങ്ങളിൽ വിൽക്കുന്നവർ നിരവധിയാണ്. നഗരത്തിലും നാട്ടിൻ പുറങ്ങളിലും മാമ്പഴക്കടകളും സഞ്ചരിക്കുന്ന മാമ്പഴക്കടകളും മാമ്പഴ വിപണനത്തിനായി നിരന്നിട്ടുണ്ട്. കർപ്പൂരമാങ്ങ, മൂവാണ്ടൻമാങ്ങ, കിളിച്ചുണ്ടൻ മാങ്ങ, വലിയ കിളിച്ചുണ്ടൻ മാങ്ങ തുടങ്ങിയ നാടൻ ഇനങ്ങൾക്ക് പുറമെ അതിർത്തി കടന്നെത്തുന്ന മാമ്പഴവും വില്പനക്കായി നിരത്തിയിട്ടുണ്ട്. പച്ച മാങ്ങ വിപണിയും മറ്റ് പഴങ്ങളുടെ വിപണിയും സജീവമാണ്.