covid19
മൂവാറ്റുപുഴ പൊലീസ് അരമനപ്പടിയിൽ വാഹനങ്ങൾ പരിശോധിക്കുന്നു

മൂവാറ്റുപുഴ: നഗരത്തിലും നാട്ടുമ്പുറങ്ങളിലും കൊവിഡ് നിയന്ത്രണം കർശനമാക്കി മൂവാറ്റുപുഴ പൊലീസ്. ഇവിടങ്ങളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി. മൂവാറ്റുപുഴ ഡിവൈ.എസ്.പി, സ്റ്റേഷൻ ഓഫീസർമാർ , പ്രിൻസിപ്പൾ എസ്.ഐമാർ ഉൾപ്പടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനക്ക് നേതൃത്വം നൽകുന്നു. തിരക്കേറിയ പി.ഒ ജംഗ്ഷൻ, അരമനപ്പടി, 130 ജംഗ്ഷൻ, കച്ചേരിത്താഴം, നെഹൃപാർക്ക്, വെള്ളൂർക്കുന്നം, കീച്ചേരിപടി, മാർക്കറ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാണ്. വാഹനങ്ങളിൽ വരുന്നവരെല്ലാം ശരിയായി മാസ്ക് ധരിച്ചിട്ടുണ്ടോ, വാഹനങ്ങളിൽ കണക്കിലധികം യാത്രക്കാരുണ്ടോ, യാത്രയ്ക്ക് ആവശ്യമായ രേഖകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് വാഹനം വിടുന്നത്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയുമെടുക്കുന്നുണ്ട്.

കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പായിപ്ര, വാളകം, പാലക്കുഴ പഞ്ചായത്തുകൾ പൂർണമായി പൊലീസ് നിയന്ത്രണത്തിലാണ്. മറ്റുപഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ച വാർഡുകളിലും പരിശോധന കർശനമാക്കിട്ടുണ്ട്. കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് ഡിവൈ.എസ്.പി സി.ജി. സനിൽകുമാർ

പറഞ്ഞു.