കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റിനടക്കം കൊവിഡ് സ്ഥിരീകരിച്ചെങ്കിലും പഞ്ചായത്തിൽ കൊവിഡ് രോഗികൾക്കായി എഫ്.എൽ.ടി.സി തുടങ്ങുന്ന കാര്യത്തിൽ നടപടിയില്ല. ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ വ്യാപകപ്രതിഷേധമുയരുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം 600 കടക്കുമ്പോഴും പഞ്ചായത്തിലേക്ക് അനുവദിച്ച എഫ്.എൽ.ടി.സിക്കായി സ്ഥലസൗകര്യം കണ്ടെത്തുന്ന കാര്യത്തിൽപ്പോലും ഭരണസമിതിയുടേത് തികഞ്ഞ പരാജയമാണെന്നാണ് ആക്ഷേപം.
കഴിഞ്ഞവർഷം കൊവിഡ് കാലത്ത് ആധുനിക സൗകര്യങ്ങളുമായാണ് സെന്റർ തുടങ്ങിയിരുന്നത്. പഞ്ചായത്തുകളിൽ ഡൊമിസിലിയറി കെയർ സെന്റർ അടിയന്തരമായി തുടങ്ങാൻ ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ട്. എന്നാൽ ഭരണസമിതി ഇത് സംബന്ധിച്ച് തീരുമാനമെടുക്കാതെ തുടങ്ങാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചറിയാനെത്തിയ നിയുക്ത എം.എൽ.എ അഡ്വ. പി.വി. ശ്രീനിജിൻ ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിയുമായി ചർച്ചനടത്തി. ഭരണസമിതി കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ചർച്ചയ്ക്കുശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്തിന്റെ തനതുഫണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് സർക്കാർ ഉത്തരവുണ്ട്. അതനുസരിച്ച് ഡൊമിസിലിയറി കെയർ സെന്റർ തുടങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ശ്രീനിജിൻ നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങളിൽ അനാസ്ഥ തുടർന്നാൽ മറ്റു മാർഗങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എം. അബ്ദുൾകരീം, എൻ.വി. വാസു എന്നിവർ ശ്രീനിജിനൊപ്പമുണ്ടായിരുന്നു.