കൊച്ചി: തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് നടി അമ്പിളി ദേവി നൽകിയ കേസിൽ ഭർത്താവും നടനുമായ ആദിത്യൻ ജയന് ഹൈക്കോടതി ജൂൺ ഒമ്പതു വരെ മുൻകൂർ ജാമ്യം അനുവദിച്ചു. കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് ആദിത്യൻ പീഡിപ്പിക്കുകയാണെന്നും മാർച്ച് 23 ന് വീട്ടിൽ വന്ന് തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നുമാരോപിച്ച് അമ്പിളി നൽകിയ പരാതിയിൽ ചവറ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യം തേടി ആദിത്യൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ ഇടക്കാല ജാമ്യം നൽകിയത്. ആദിത്യനെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജി വിശദമായി വാദം കേട്ടു തീരുമാനിക്കേണ്ടതുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം കേരളത്തിലുണ്ടാക്കിയ പ്രതികൂല സാഹചര്യം കണക്കിലെടുത്താണ് ഇടക്കാല ജാമ്യം നൽകുന്നത്. ഹർജിക്കാരനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ആദിത്യന്റെ ഹർജി ജൂൺ ഒമ്പതിനു പരിഗണിക്കുന്നവിവരം അമ്പിളി ദേവിയെ പൊലീസ് അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.