അങ്കമാലി: കൊവിഡ് കാലത്ത് ആശുപത്രികളിലെ രക്തക്ഷാമത്തിന് പരിഹാരം കാണുന്നതിന് കെ.സി.വൈ.എം കറുകുറ്റി ഫൊറോന സമിതിയുടേയും ബത്‌ലേഹം യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, കറുകുറ്റി അപ്പോളോ ആശുപത്രി എന്നിവിടങ്ങളിൽ രക്തദാനക്യാമ്പ് നടത്തി. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ആശുപത്രി ഡയറക്ടർ റവ.ഡോ. വർഗീസ് പൊട്ടക്കൽ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ രണ്ട് ആശുപത്രികളിലുമായി 48 യുവാക്കൾ രക്തദാനം നടത്തി. പ്രാദേശിക മേഖലകളിലെ കണ്ടെയ്ൻമെന്റ് സോൺ മാറുന്നതനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ യുവജനങ്ങൾ രക്തദാനം നടത്തുമെന്ന് കെ.സി.വൈ.എം കറുകുറ്റി ഫൊറോന പ്രസിഡന്റ് ജോസഫ് സാജു അറിയിച്ചു. കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടിൽ, ഡൈമിസ് വാഴക്കാല, ഫൊറോന ഭാരവാഹികളായ സേവ്യർ, ദിലീപ് തുടങ്ങിയവർ രക്തദാനം നിർവഹിച്ചു.