ആലുവ: ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലനിൽക്കേ വിവിധ ഫീസ് പിരിവ് കുത്തകാവകാശങ്ങൾ ലേലം ചെയ്യാനുള്ള ആലുവ നഗരസഭാ അധികൃതരുടെ നീക്കം ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവച്ചു. കൊവിഡ് നിയമങ്ങളുടെ ചട്ടലംഘനമാണെന്ന ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ പരിഗണിക്കാതെയാണ് നഗരസഭാ അധികൃതർ ലേലനടപടികളുമായി മുന്നോട്ടുപോയത്. നഗരസഭ ഭരണാധികാരികളുടെ ചില ഇഷ്ടക്കാർക്ക് കരാർ ഒതുക്കിനൽകുകയെന്ന ലക്ഷ്യവും നീക്കത്തിന് പിന്നിലുണ്ടായിരുന്നുവെന്നാണ് ആക്ഷേപം.
പച്ചക്കറി - മത്സ്യച്ചന്ത ഫീസ് പിരിവ്, പച്ചക്കറിച്ചന്ത കംഫർട്ട് സ്റ്റേഷൻ, മാർക്കറ്റ് ഐസ് വില്പന ഫീസ് പിരിവ്, സ്വകാര്യ ബസ്‌സ്റ്റാൻഡ് ഫീസ് പിരിവ്, ബസ് സ്റ്റാൻഡ് അനൗൺസ്‌മെന്റ് കൗണ്ടർ, ബസ് സ്റ്റാൻഡ് ടെലിവിഷൻ പരസ്യം, ബസ് സ്റ്റാൻഡ് ഡോർമെന്ററി ആൻഡ് കംഫർട്ട് സ്റ്റേഷൻ, കാഫലം മേലാദായം, ടാക്സി സ്റ്റാൻഡ്, സ്കൂട്ടർ സ്റ്റാൻഡ് എന്നിങ്ങനെ 12 പിരിവുകളുടെ കുത്തകാവകാശമാണ് ഇന്ന് രാവിലെ 11ന് ലേലം നൽകാൻ നിശ്ചയിച്ചിരുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കേ ലേലനടപടികൾ മാറ്റിവെയ്ക്കണമെന്ന് ബി.ജെ.പി കൗൺസിലർ പി.എസ്. പ്രീത മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോണിനെ കണ്ട് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചത്. തുടർന്ന് സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥയെയും കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന് പി.എസ്. പ്രീതയും കൗൺസിലർമാരായ എസ്. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരദേവി എന്നിവരും രേഖാമൂലം ലേലനടപടികൾ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയതോടെയാണ് ലേലം സാങ്കേതിക കാരണങ്ങളാൽ മാറ്റിയെന്ന അറിയിപ്പ് മാദ്ധ്യമങ്ങൾക്ക് നൽകി ഭരണക്കാർ തലയൂരിയത്.