തൃക്കാക്കര: ക്വാറന്റൈനിൽ കഴിയുന്ന കുടുംബത്തിന്റെ വൈദ്യുതി വിച്ഛേദിച്ച കെ.എസ്.ഇ.ബിയുടെ ഫ്യൂസൂരി കളക്ടർ എസ്.സുഹാസ്. തൃക്കാക്കര കൗൺസിലർ മുഖേന ലഭിച്ച പരാതിയിൽ ഇടപെട്ട കളക്ടർ വൈദ്യുതി പുനസ്ഥാപിക്കാൻ നിർദേശിക്കുകയും പണം തവണകളായി അടയ്ക്കാനുള്ള ഇളവ് വാങ്ങി നൽകുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്.തൃക്കാക്കര നഗരസഭ എട്ടാം വാർഡിൽ വാടകക്ക് താമസിക്കുന്ന പാപക്കുടത്ത് വീട്ടിൽ കൃഷ്ണൻ വീട്ടിലെ ഫ്യൂസാണ് കെ.എസ്.ഇ .ബി. ഉദ്യോഗസ്ഥരത്തി ഊരിയത്. ഓട്ടോ ഡ്രൈവറായ കൃഷ്ണനും കടുംബവും ഈ സമയം ക്വാറന്റൈനിലായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവർ കേട്ടില്ല. ഫ്യൂസ് ഊരിമടങ്ങി. വിഷയം ശ്രദ്ധയിൽപ്പെട്ട നഗരസഭ മുൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം നാസർ ഇടപെട്ട് കളക്ടർക്ക് പരാതി നൽകുകയായിരുന്നു.
നാല് ഗഡുക്കളായി തുക അടയ്ക്കാനാണ് നിർദേശിച്ചിട്ടുള്ളത്.ചേട്ടൻ മരണത്തെ തുടർന്നാണ് കൃഷ്ണനും കുടുംബവും ക്വാറന്റൈനിലായത്. കൃഷ്ണന്റെ ദുരിതം മനസിലാക്കി നാട്ടുകാരാണ് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത്.