കോലഞ്ചേരി: നാല് ദിവസമായി മുടങ്ങിയ കുടിവെള്ള വിതരണം നിയുക്ത എം.എൽ.എയുടെ ഇടപെടലിനെത്തുടർന്ന് പുനഃസ്ഥാപിച്ചു. ഐക്കരനാട് പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു. ചൂണ്ടി വാട്ടർ അതോറിറ്റിയിൽ നിന്നാണ് ഇവിടേക്ക് വെള്ളം വിതരണം ചെയ്യുന്നത്. അറ്റകുറ്റപ്പണിയെത്തുടർന്നാണ് കുടിവെള്ള വിതരണം തകരാറിലായത്. പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലേക്കും കുടിവെള്ളം നൽകുന്നത് ഇവിടെനിന്നാണ്. വിതരണം നിലച്ചതോടെ പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക് അറിയിച്ചതിനെത്തുടർന്നാണ് വാട്ടർ അതോറിട്ടി അസി.എൻജിനീയറോട് അടിയന്തര നടപടിക്ക് ശ്രീനിജിൻ നിർദ്ദേശം നൽകിയത്. ഐക്കരനാട് പഞ്ചായത്തിലെ കൊവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്ന കടയിരുപ്പ് ആശുപത്രിയിലും കിഴക്കമ്പലം പഞ്ചായത്തിലുമെത്തി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. ഉടനെ വാർഡുതല ജാഗ്രതാസമിതികൾ രൂപീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.