abhiramianil

മുളന്തുരുത്തി: ഒരു എഫോ‌ർ പേപ്പർ,പെൻസിൽ..പിന്നെ ആവശ്യത്തിന് ചായപ്പൊട്ടി ! സംഭവം കൊവിഡിനെ തുരത്താനുള്ള ചെപ്പടി വിദ്യയൊന്നുമല്ല.ചായപ്പൊടി വരയുടെ ചേരുവകളാണ്. മുളന്തുരുത്തി സ്വദേശിനിയും പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥിനിയുമായ അഭിരാമിയാണ് ചായപ്പൊടിവരയിലൂടെ മാന്ത്രികത തീ‌ർക്കുന്നത്. നിമിഷ നേരം കൊണ്ടാണ് കുഞ്ഞു കലാകാരി വിസ്മയചിത്രങ്ങൾ വരച്ചെടുക്കുന്നത്. ചിത്രങ്ങൾ ഹിറ്രായതോടെ അഭിരാമി നാട്ടിലെ താരമായിരിക്കുകയാണ്.

പരീക്ഷണമെന്നോണംചായപ്പൊടി വരയിലേക്ക് തിരിഞ്ഞത്. അതിന് വഴിവച്ചതാകട്ടെ ഒരു പരീക്ഷണവും. വെള്ളകടലാസിൽ വിതറിയ ചായപ്പൊടിയിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചു നോക്കുകയായിരുന്നു. സംഭവം കൊള്ളാമെന്ന് തോന്നിയതോടെ കൂടുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. സ്കെച്ചില്ലാതെ നോക്കിയാണ് വര. പൂർത്തിയായി കഴിഞ്ഞാൽ ഫോട്ടോ എടുത്തു സൂക്ഷിക്കും.സ്ഥിരമായി സൂക്ഷിക്കുവാൻ പശഉപയോഗിച്ച് വരയ്ക്കുവാനും അഭിരാമി ആലോചിക്കുന്നുണ്ട്.

ടൊവിനോ തോമസ്, ക്യാപ്റ്റൻ ജാക്സ്പരോ, റൊണാൾഡോ തുടങ്ങിയവരുടെ ചിത്രങ്ങളാണ് കഴിഞ്ഞ അവധി ദിവസങ്ങളിൽ അഭിരാമി വരച്ചു.ചെറുപ്പം മുതൽ തന്നെ ചിത്രം വരയ്ക്കുന്ന അഭിരാമി ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. സ്കൂൾ കലോത്സവങ്ങളിലെല്ലാം ഇതിനകം നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള അഭിരാമിക്ക് പഠനത്തോടൊപ്പം ചിത്രകലയും തുടരണമെന്നാണ് ആഗ്രഹം. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ മുളന്തുരുത്തി പെരുമ്പിള്ളി പുല്ലേരിക്കുന്നേൽ അനിലാണ് (അനിൽ പാപ്പ) പിതാവ്.അമ്മ:അജിത.