parole

 കണ്ണൂർ ജയിലിൽ ഇരുനൂറോളം പേർക്ക് രോഗം

കൊച്ചി: കൊവിഡ് രണ്ടാം തരംഗം ജയിലുകളിലും പടർന്നതോടെ അർഹതയുള്ള തടവുകാർക്ക് പരോൾ അനുവദിച്ചു. സെൻട്രൽ ജയിലുകളിലും വനിതാ, ഒാപ്പൺ ജയിലുകളിലും കഴിയുന്നവർക്കാണ് പരോൾ. ഇന്നലെ മുതൽ തടവുകാരെ വിട്ടുതുടങ്ങി.

കണ്ണൂർ സെൻട്രൽ ജയി​ലി​ൽ ഇരുനൂറോളം പേർക്കും വനി​താ ജയി​ലി​ൽ ജീവനക്കാരുൾപ്പെടെ നി​രവധി​ പേർക്കും എറണാകുളം ജി​ല്ലാ ജയി​ലി​ലെ 64 തടവുകാർക്കും എട്ട് ജീവനക്കാർക്കും രോഗം ബാധിച്ചു. ഇതോടെ പരോൾ അനുവദി​ക്കാൻ പ്രി​സൺ​സ് ഡയറക്ടർ ജനറൽ ഏപ്രി​ൽ 26ന് ചീഫ് സെക്രട്ടറി​യുടെ ദുരന്തനി​വാരണ സമി​തി​ക്ക് ശുപാർശ നൽകി​. ഇന്നലെയാണ് ആഭ്യന്തര വകുപ്പ് ഉത്തരവായത്.

കഴിഞ്ഞ വർഷവും കൊവി​ഡ് രൂക്ഷമായപ്പോൾ തടവുകാർക്ക് പരോൾ അനുവദി​ച്ചി​രുന്നു. ജയി​ൽ ജീവനക്കാരെല്ലാം രണ്ട് ഡോസ് പ്രതി​രോധ വാക്സി​ൻ എടുത്തു. തടവുകാർക്കും വാക്സി​നേഷൻ നട​ക്കുകയാണ്. പല ജയി​ലുകളി​ലും ഒന്നാം ഡോസ് കുത്തി​വയ്പ്പ് പൂർത്തി​യായി​.

 കടുത്ത കുറ്റവാളികൾക്ക് ഇളവില്ല

സംസ്ഥാനത്ത് 54 ജയി​ലുകളി​ലായി​ 8000ത്തോളം തടവുകാരുണ്ട്. മൂന്ന് സെൻട്രൽ, രണ്ട് ഓപ്പൺ​, നാല് വനി​താ ജയി​ലുകളി​ലെ 3000ത്തോളം തടവുകാരി​ൽ ഗുരുതരമായ കുറ്റങ്ങൾക്ക് ശി​ക്ഷി​ക്കപ്പെട്ടവർ ഒഴികെയുള്ളവർക്കാണ് പരോൾ.

 ഫ്രീഡം ഫുഡും പ്രതി​സന്ധി​യി​ൽ

ജയി​ലുകളി​ൽ തടവുകാർ നി​ർമ്മി​ക്കുന്ന ഫ്രീഡം ചപ്പാത്തി​ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വി​ൽപ്പനയും പ്രതി​സന്ധി​യി​ലായി​. കണ്ണൂർ സെൻട്രൽ ജയി​ലി​ലെയും എറണാകുളം ജി​ല്ലാ ജയി​ലി​ലെയും ഫ്രീഡം കി​ച്ചനുകൾ നി​റുത്തി​. എറണാകുളം ജി​ല്ലാ ജയി​ലി​ൽ അ‌ടുക്കളയും പൂട്ടി​. ഹോട്ടലുകളി​ൽ നി​ന്നാണ് തടവുകാർക്ക് ഭക്ഷണം എത്തി​ക്കുന്നത്. കഴി​ഞ്ഞ കൊവി​ഡ് കാലത്ത് ജയിൽ വകുപ്പ് കുറഞ്ഞ വി​ലയി​ൽ നല്ല ഭക്ഷണം ലഭ്യമാക്കി​യിരുന്നു.