തോപ്പുംപടി: രോഗവ്യാപനം കൂടിയതോടെ പശ്ചിമകൊച്ചിയിലെ പാലങ്ങൾ അടച്ചു.ആദ്യം ഹാർബർ പാലവും പിന്നീട് കണ്ണങ്ങാട്ട്, ബി.ഒ.ടി പാലങ്ങളും അടച്ചു.ഇന്നലെ ബി.ഒ.ടി പാലത്തിലും മറ്റും പൊലീസിന്റെ കനത്ത പരിശോധന ഉണ്ടായിരുന്നു. പശ്ചിമകൊച്ചിയിൽ ഏറ്റവും കൂടുതൽ രോഗികൾ പള്ളുരുത്തിയിലാണ്. ഇതേതുടർന്ന് പൊലീസ് സ്റ്റേഷന്റെ മുന്നിലും ഇടക്കൊച്ചി - അരൂർ പാലത്തിലും പരിശോധന ശക്തമാക്കി. മാസ്ക് ധരിക്കാതെ എത്തിയവർ, കൂട്ടം കൂടി നിന്നവർ, ഹോട്ടലിൽ ഇരുത്തി ഭക്ഷണം നൽകിയവർ എന്നിവർക്കെതിരെ കേസെടുത്തു.മട്ടാഞ്ചേരി - ഫോർട്ടുകൊച്ചി, ചെല്ലാനം, കുമ്പളങ്ങി ഭാഗത്തും പരിശോധന ശക്തമാണ്. പെരുമ്പടപ്പ് - കുമ്പളങ്ങി പാലത്തിലും കുമ്പളങ്ങി - എഴുപുന്ന പാലത്തിലും പൊലീസിനെ കൂടാതെ സന്നദ്ധ സംഘടനകളുടെ പരിശോധയ്ക്കായി രംഗത്തുണ്ട്.അനാവശ്യമായി പുറത്തിറങ്ങിയവരെ പൊലീസ് തിരിച്ചയച്ചു. ആശുപത്രി, മരണം, അവശ്യസാധനങ്ങൾ വാങ്ങാൻ എത്തുന്നവർ ഇവരെ മാത്രമേ കടന്നുപോകാനായുള്ളൂ.കൊവിഡ് ടെസ്റ്റ് നടത്തുന്നതിനായി കുമ്പളങ്ങി സെന്റ്.പീറ്റേഴ്സ് എൽ.പി സ്ക്കൂളിൽ തുറന്നിട്ടുണ്ട്. ഇന്നലെ പരിശോധന നടത്തിയവരിൽ തൊണ്ണൂറ് ശതമാനവും പോസിറ്റീവായി.