muhammed-asif

തൃപ്പൂണിത്തുറ: മയക്കു മരുന്നായ എം.ഡി.എം.എയുമായി എറണാകുളം ചേരാനല്ലൂർ വലിയപറമ്പിൽ വീട്ടിൽ മുഹമ്മദ് അഫ്‌സലി(25)നെ തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. എറണാകുളം, തൃശൂർ, ആലപ്പുഴ നഗരങ്ങൾ കേന്ദ്രികരിച്ച് വില്പന നടത്തുന്ന ഇയാൾ ഇരുമ്പനം ഭാഗത്ത് എത്തുമെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. 3.5 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇതിന് ഒന്നര ലക്ഷം രൂപയിലേറെ വില വരും. സൈക്കോട്രോപിക് വിഭാഗത്തിൽ പെട്ട ഈ മയക്കുമരുന്ന് അര ഗ്രാമിനു മുകളിൽ പിടിച്ചാൽ 10 വർഷം കഠിന തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപികരിച്ചായിരുന്നു വില്പന. മയക്കുമരുന്ന് വില്പനയ്ക്ക് ഇയാൾക്കെതിരെ വേറെയും കേസ് നിലവിലുണ്ട്. വില്പനക്കായി 11ലധികം പ്ലാസ്റ്റിക് കൂടുകളിലായി അടക്കം ചെയ്ത നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ രതീഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കൽ, ജോമോൻ, വിനീത്‌, രാഹുൽ, വനിത എക്സൈസ് ഓഫീസർ റസീന എന്നിവർ പങ്കെടുത്തു.