നെടുമ്പാശേരി: കുന്നുകര ഗ്രാമപഞ്ചായത്തിൽ ഓക്‌സിജൻ സൗകര്യത്തോടെ 50 കിടക്കകളുള്ള കൊവിഡ് ഡൊമിസിലിയറി കെയർ സെന്റർ കുന്നുകര ഗവ. ജെബി സ്‌കൂളിൽ നാളെ ആരംഭിക്കും. കൊവിഡ് പോസിറ്റീവായവരുടെ യാത്രയ്ക്കായി ഓക്‌സിജൻ സിലിണ്ടർ സൗകര്യമുള്ള മിനി ആംബുലൻസും സജ്ജമാണ്.
ക്വാറന്റെയിനിൽ കഴിയുന്നവർക്ക് ഭക്ഷണക്കിറ്റുകൾ, മരുന്ന് എന്നിവയും വിതരണം ചെയ്യുന്നുണ്ട്. കൊവിഡ് പോസിറ്റീവായവരുടെയും മറ്റും യാത്രകൾക്കും പരിശോധനകൾക്കുമായി രണ്ട് മിനി ബസുകൾ 24 മണിക്കൂറും സർവീസിന് സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് എം.എ.അബ്ദുൽ ജബ്ബാർ എന്നിവർ പറഞ്ഞു.

കൊവിഡ് പരിശോധനയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും സൗകര്യമുണ്ട്. വാക്‌സിനേഷനായി പഞ്ചായത്തിലെ മുഴുവൻ അർഹരായവരുടെയും രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ലഭ്യത അനുസരിച്ച് വാക്സിനേഷൻ പുനരാരംഭിക്കും.