കൊച്ചി: കേരളത്തിലും മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകളുമായി സ്വകാര്യ വ്യക്തികൾ രംഗത്തെത്തി. കുടുംബത്തിൽ ആർക്കെങ്കിലും മെഡിക്കൽ ഓക്‌സിജൻ വേണമെങ്കിൽ അമ്പലമുഗൾ കെ.ആർ.എൽ ഗേറ്റിന് എതിർശമുള്ള മാർഗ്രിഗോറിയോസ് ഗ്യാസ് ഏജൻസിയെ സമീപിക്കുക. ഡോക്‌ടറുടെ സർട്ടിഫിക്കറ്റും എടുക്കാൻ ചെന്ന വ്യക്തിയുടെ ഐ.ഡി.രേഖയും നൽകിയാൽ ഓക്സിജനുമായി മടങ്ങാം. നിശ്ചിതതുക ഡെപ്പോസിറ്റായി നൽകണം. ആവശ്യംകഴിഞ്ഞ് സിലിണ്ടർ മടക്കുമ്പോൾ ഈ തുക തിരികെ ലഭിക്കും. തൃപ്പൂണിത്തുറ ഉൾപ്പെടെ സമീപപ്രദേശങ്ങളിൽ നിന്ന് ധാരാളം പേർ ഓക്സിജൻ വാങ്ങാൻ എത്തുന്നുണ്ടെന്ന് ഏജൻസി വക്താക്കൾ പറഞ്ഞു. ഇതിനു പിന്നിൽ ബിസനസ് താത്പര്യങ്ങളില്ല. ഓക്സിജൻക്ഷാമം മൂലം അന്യസംസ്ഥാനങ്ങളിൽ ആളുകൾ പിടഞ്ഞുവീണു മരിക്കുന്ന വാർത്തകൾ കണ്ടതോടെയാണ് ജീവകാരുണ്യ പ്രവർത്തനമെന്ന നിലയിൽ ഈ ദൗത്യം ആരംഭിച്ചത്. പ്ളാന്റിൽ നിന്നാണ് സിലിണ്ടറിൽ ഓക്സിജൻ നിറയ്ക്കുന്നത്. മുൻകരുതലെന്ന നിലയിൽ വീടുകളിൽ സൂക്ഷിക്കാനായി സിലിണ്ടർ ആവശ്യപ്പെട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് ഇവർ അറിയിച്ചു. കളക്ടറുടെ അനുമതിയോടെയാണ് പ്രവർത്തനം. ഫോൺ: 94468 13887
ഓക്സിജൻ ക്ഷാമമില്ലെന്ന് അധികൃതർ
കിടപ്പുരോഗികൾ ഉൾപ്പെടയുള്ളവർക്ക് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന ധാരാളം ഏജൻസികളുണ്ട്. ഡോക്ടറുടെ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇവർക്ക് ഓക്സിജൻ നൽകാൻ അനുമതിയുണ്ട്. അതേസമയം നിലവിൽ ജില്ലയിൽ ഓക്സിജൻ ക്ഷാമമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും എൻ.ആർ.എച്ച്.എം വിഭാഗത്തിലെ ഡോ.മാത്യു പറഞ്ഞു