കോലഞ്ചേരി: മാലിന്യം നിക്ഷേപിച്ചയാളെ കൈയോടെ പിടികൂടി തിരിച്ചെടുപ്പിച്ചു. തിരുവാണിയൂർ പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി കൊച്ചി - ധനുഷ്കോടി ദേശീയപാത ശാസ്താംമുഗൾ ഭാഗത്ത് പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് സ്വകാര്യവ്യക്തി മാലിന്യനിക്ഷേപം നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ കെ.വി. സനീഷ്‌കുമാർ ഇയാളെ തടഞ്ഞുനിർത്തി മാലിന്യം തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി. ഈ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലമായതിനാൽ വിവിധ വ്യാപാര സ്ഥാപനങ്ങളിലേയും വീടുകളിലേയും കാറ്ററിംഗ് സ്ഥാപനങ്ങളിലേയും മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണ്. പഞ്ചായത്തിലെ പറമ്പാത്തുപടി, തിരുവാണിയൂർ ഭാഗങ്ങളിലും ഇത്തരത്തിൽ വ്യാപകമായി മാലിന്യനിക്ഷേപം നടക്കുന്നത് ജാഗ്രതാസമിതികളുടെ നേതൃത്വത്തിൽ കണ്ടെത്താനായി ഊർജിത ശ്രമങ്ങൾ നടക്കുന്നതായി പ്രസിഡന്റ് സി.ആർ. പ്രകാശൻ പറഞ്ഞു.