കൂടെയുണ്ടായിരുന്ന വളർത്തുനായ രക്ഷപ്പെട്ടു
ആലുവ: പെരിയാറിൽ കുളിക്കാനെത്തിയ രണ്ട് യുവാക്കൾ താത്കാലികമായി കെട്ടിയുണ്ടാക്കിയ ചങ്ങാടം മറിഞ്ഞ് മുങ്ങി മരിച്ചു. ആലുവ തോട്ടയ്ക്കാട്ടുകര തീപ്പെട്ടി കമ്പനിക്ക് സമീപം പാടിയത്ത് വീട്ടിൽ നിസാറിന്റെ മകൻ ആഷിക്ക് (21), അയൽവാസി കോരമംഗലത്ത് വീട്ടിൽ പരേതനായ സാജുവിന്റെ മകൻ റിഥുൻ സാജു (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നരയോടെ മണപ്പുറം ദേശം കടവിലാണ് സംഭവം.
സ്ഥിരമായി പെരിയാറിൽ കുളിക്കുന്നവരാണെങ്കിലും ആഷിക്കിന് നീന്തൽ വശമില്ലായിരുന്നു. മുളയും മരപ്പലകകളും മറ്റും ചേർത്തുണ്ടാക്കിയ ചങ്ങാടം കടവിൽ നിന്ന് അൽപ്പം നീങ്ങിയതോടെ ചെരിഞ്ഞ് പുഴയിലേക്ക് വീണ ആഷിക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് റിഥുൻ സാജുവും മുങ്ങിപ്പോയത്. ആഷിക്കിന്റെ വീട്ടിലെ വളർത്തുനായയും ഇവർക്കൊപ്പം ചങ്ങാടത്തിൽ ഉണ്ടായിരുന്നു. ചങ്ങാടം ചരിഞ്ഞതോടെ നായ നീന്തി രക്ഷപ്പെട്ടു. കരയിലുണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് നാട്ടുകാരെ വിവരമറിയിച്ചത്.
ആലുവ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സിന്റെ സ്കൂബ ടീം എത്തി ആദ്യം ആഷിക്കിന്റെയും പിന്നീട് റിഥുവിന്റെയും മൃതദേഹം കണ്ടെടുത്തു. കടവിൽ നിന്നും നൂറുമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ഇന്ന് പോസ്റ്റ്മാർട്ടത്തിനും കൊവിഡ് പരിശോധനയ്‌ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ആലുവയിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു റിഥുൻ സാജു. ബിരുദ പഠനത്തിന് ശേഷം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷിക്ക്. റിഥുവിന്റെ മാതാവ്: ജോളി. സഹോദരി: റിൽന. ആഷിക്കിന്റെ മാതാവ്: ആഷിഷ്. സഹോദരി: ഐഷ.