കൊച്ചി: സർക്കാർ ഉദ്യോഗസ്ഥയായ യുവതി​യെ ട്രെയിനിൽ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പിടിയിലായ പ്രതിയെ അപസ്മാരത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് ടെസ്റ്റിന് ശേഷം ഇയാളെ ചോദ്യം ചെയ്യും. പത്തനംതിട്ട ചിറ്റാറിൽ നിന്ന് പിടികൂടിയ പ്രതി കായംകുളം നൂറനാട് സ്വദേശി ബാബുക്കുട്ടനെ ഇന്നലെ രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചിറ്റാർ പൊലീസ് അറസ്റ്റു ചെയ്ത ബാബുക്കുട്ടനെ റെയിൽവേ പൊലീസ് എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപസ്മാരലക്ഷണം കാണിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊവിഡ് പരിശോധനയുടെ ഫലം ഇന്ന് ലഭിക്കും. നെഗറ്റീവെങ്കിൽ എറണാകുളത്ത് എത്തിച്ച് ചോദ്യം ചെയ്യുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

മുളന്തുരുത്തി കാരിക്കോട് കാർത്യായനി നിവാസിൽ രാഹുലിന്റെ ഭാര്യ ആശയാണ് ആക്രമിക്കപ്പെട്ടത്. ആശയിൽ നിന്ന് കവർച്ച ചെയ്ത സ്വർണമാല ഉൾപ്പെടെ മറ്റാരോ മോഷ്ടിച്ചെന്നാണ് ഇയാൾ പറയുന്നത്. പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.