തൃക്കാക്കര: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ചുമതലപ്പെട്ട പൊലീസ് തന്നെ ആ ചട്ടങ്ങൾ ലംഘിച്ച് ഇന്ന് യോഗം ചേരുന്നു. മീറ്റിംഗുകൾ ഓൺലൈൻ ആയി മാത്രമേ നടത്താവൂവെന്ന സർക്കാർ നിർദേശം അവഗണിച്ച് നടക്കുന്ന സിറ്റി ജില്ലയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് രാവിലെ പത്തിന് എറണാകുളം എ.ആർ ക്യാമ്പിലാണ് നടക്കുക.
കമ്മിഷണറും ഡെപ്യൂട്ടി കമ്മിഷണറും ഉൾപ്പെടെ കൊച്ചി സിറ്റിയിലെ നാല് സബ് ഡിവിഷനുകളിലായി 21 സ്റ്റേഷനിലെ എസ്.ഐ മാരും,സി.ഐ മാരും അടക്കം അമ്പതുപേരോളം വിവിധ കേസുകൾ അവലോകനം ചെയ്യാനുള്ള യോഗത്തിൽ പങ്കെടുക്കും.
• കൊവിഡ് ഡ്യൂട്ടിയിൽ വലഞ്ഞു പൊലീസ്
വാഹന പരിശോധന, ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കൽ, കണ്ടെയ്ൻമെന്റ് സോണുകളിൽ ആരോഗ്യ പ്രവർത്തകരെ സഹായിക്കൽ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ജോലിയുണ്ട് പൊലീസുകാർക്ക്.
ഇവരെല്ലാം രോഗഭീതിയിലാണ്. തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഇന്നലെ മാത്രം നാലുപേർക്ക് കൊവിഡ് പൊസിറ്റീവായി. മറ്റ് പല സ്റ്റേഷനുകളിലെയും അവസ്ഥ ഇതിനേക്കാൾ ദുരിതമാണ്. വീട്ടുകാരുടെ സുരക്ഷയ്ക്കായി വീട്ടിൽ പോകാതെ ആഴ്ചകളായി സ്റ്റേഷനുകളിലും മറ്റും കഴിയുന്ന അനവധി പൊലീസുകാരുമുണ്ട്.