bjp-paravur
പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി പറവൂരിൽ നടന്ന ധർണ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: വിഭജനകാലത്തിന് സമാനമായ രാഷ്ട്രീയ നരനായാട്ടാണ് ബംഗാളിൽ അരങ്ങേറുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് ആക്രമണങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി പറവൂരിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ഫലം തലയ്ക്കുപിടിച്ച തൃണമൂൽ കോൺഗ്രസ് ബി.ജെ.പി പ്രവർത്തകരെയും സാധാരണ ജനങ്ങളെയും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. അറുപതിനായിരത്തോളം പേർ സർവവും ഉപേക്ഷിച്ച് പലായനം ചെയ്തുകഴിഞ്ഞു. ഇവർ എവിടെയാണെന്ന് ഇതുവരെയും കണ്ടെത്താനുമായിട്ടില്ല. പതിനഞ്ചോളം ബി.ജെ.പി പ്രവർത്തകരാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. മന:സാക്ഷി മരവിപ്പിക്കുന്ന തരത്തിൽ സ്ത്രീകളെയും കൊലപ്പെടുത്തുന്നു. ഇത്രയും ദാരുണമായ സംഭവങ്ങൾ അരങ്ങേറിയിട്ടും രാജ്യത്തെ മറ്റു രാഷ്ട്രീയപാർട്ടികൾ കുറ്റകരമായ മൗനം അവലംബിക്കുകയാണ്. വടക്കേഇന്ത്യയിലെ കൊച്ചു സംഭവത്തിനുപോലും അതിശക്തമായി പ്രതികരിക്കുന്ന സാംസ്കാരിക നായകന്മാർ ഇതുവരെ വായതുറക്കാത്തത് പ്രതിഷേധാർഹമാണെന്നും ജയകൃഷ്ണൻ പറഞ്ഞു.

പറവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഹരീഷ് വെണ്മണിശേരിൽ, ടി.എ. ദിലീപ്, സാജിത അഷ്റഫ്, സുധാചന്ദ്, മുരളി ഇടയിടം, ടി.ജി. വിജയൻ, രാജു മടവന എന്നിവർ പങ്കെടുത്തു.