pratheesh

# സംഭവമറിഞ്ഞിട്ടും നിറുത്താതെ പോയ ലോറി മുളവുകാട് പൊലീസ് പിടികൂടി

ആലുവ: ദേശീയപാതയിൽ അമ്പാട്ടുകാവിന് സമീപം റോഡരികിലെ ചരലിൽ തെന്നി മറിഞ്ഞ സ്‌കൂട്ടറിലെ യാത്രക്കാരൻ കണ്ടെയ്‌നർ ലോറി തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിച്ചു. പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രി പി.ആർ.ഒ ആലുവ കിഴക്കേ കടുങ്ങല്ലൂർ പുന്നേലി വീട്ടിൽ പ്രതീഷ് (46) ആണ് മരിച്ചത്. അപകടം അറിഞ്ഞിട്ടും ഓടിച്ചു പോയ കണ്ടെയ്‌നർ ലോറി പിന്നീട് മുളവുകാട് പൊലീസ് പിടികൂടി.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് അപകടം. ആലുവയിൽ നിന്ന് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് പോവുകയായിരുന്നു പ്രതീഷ്. അമ്പാട്ടുകാവ് മെട്രോ സ്റ്റേഷൻ കഴിഞ്ഞ ഉടൻ സ്‌കൂട്ടർ റോഡിലെ ചരലിൽ തെന്നി മറിഞ്ഞു. സ്‌കൂട്ടർ റോഡിന് ഇടതുവശത്തേക്കും പ്രതീഷ് വലതുവശത്തേക്കും വീണു. ഈ സമയം പിന്നിൽ നിന്നു വന്ന ലോറിയുടെ പിൻചക്രങ്ങൾ പ്രതീഷിന്റെ തലയിലൂടെ കയറിയിറങ്ങി. ചൂർണിക്കര ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ അപകടത്തിന്റ ദൃശ്യം പൊലീസിന് ലഭിച്ചു. ഇതിൽ നിന്നാണ് അപകടകാരണവും ലോറിയും തിരിച്ചറിഞ്ഞത്. അപകടം നടന്ന ഉടൻ ലോറി നിറുത്തിയെങ്കിലും ഡ്രൈവറും ക്ലീനറും വാഹനത്തിൽ തന്നെ അൽപ്പസമയം ഇരുന്ന ശേഷം മുന്നോട്ട് പോവുകയായിരുന്നു.

വയർലെസ് സെറ്റിലൂടെ വിവരങ്ങൾ കൈമാറിയതിനെ തുടർന്നാണ് ലോറി മുളവുകാട് നിന്ന് പൊലീസ് പിടികൂടിയത്. മൃതദേഹം പാലാരിവട്ടം റിനൈ മെഡിസിറ്റി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും തങ്കമണി അമ്മയുടെയും മകനാണ്. ഭാര്യ: രഞ്ജിനി (അദ്ധ്യാപിക, ഹോളി ഗോസ്റ്റ് സ്‌കൂൾ, തോട്ടക്കാട്ടുകര). മക്കൾ: ദേവശിഖ, ഗൗരി ശങ്കർ.