പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ കൊവിഡ് രോഗികൾക്ക് കൂടുതൽ സഹായകരമായ രീതിയിൽ ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ടൗൺഹാളിൽ പ്രവർത്തിക്കുന്ന കൊവിഡ് സെന്ററിന്റേയും ഡി.സി.സിയുടേയും പ്രവർത്തനത്തിന് പദ്ധതിവിഹിതത്തിൽനിന്നും അമ്പതുലക്ഷംരൂപയും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പത്തുലക്ഷം രൂപയും വകയിരുത്തും. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിനായി ഓരോ വാർഡിലേക്കും നഗരസഭ തനത് ഫണ്ടിൽ നിന്നും പതിനായിരം രൂപ വീതം അടിയന്തരമായി അനുവദിച്ചു. നിലവിലെ വാക്സിനേഷനുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഡി.എം.ഒയെ കണ്ട് കത്ത് നൽകിയ വിവരം ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു.

 വാക്സിനേഷന് പ്രത്യേകസൗകര്യം

സമീപ പഞ്ചായത്തുകളിലെ ഹെൽത്ത് സെന്ററുകൾ കൊവിഷീൽഡ് സെക്കൻഡ് ഡോസ് നഗരവാസികൾക്ക് നിഷേധിക്കുന്നതിനാൽ കൊവിഷീൽഡ് ലഭ്യമാകുന്ന മുറയ്ക്ക് നഗരവാസികൾക്ക് മുൻഗണനാക്രമത്തിൽ നൽകുന്നതിന് തീരുമാനിച്ചു. ഇതിനുള്ള ക്രമീകരണം നടത്തുന്നതിനായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. താലൂക്ക് ആശുപത്രിയിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള നടപടി സ്വീകരിക്കുന്നതിന് താലൂക്ക് ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി.

നഗരാതിർത്തിയിലെ വീടുകളിൽ 407പേരും കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 92 പേരുമാണ് ചികിത്സയിലുള്ളത്. വാർഡ് 1, 25, 10, 9, 15 എന്നിവിടങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായിട്ടുണ്ടെന്നും ചെയർപേഴ്സൺ വി.എ. പ്രഭാവതി അറിയിച്ചു.