കൊച്ചി: സർക്കാർ നിയന്ത്രണങ്ങളോടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് (കെ.എം.സി.സി.) ആവശ്യപ്പെട്ടു. തുറക്കാൻ അനുമതി നൽകില്ലെങ്കിൽ പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ചേംബർ പ്രസിഡന്റ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ എന്നിവർ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം വ്യാപനത്തോടെ ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയായത് വ്യാപരമേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ബാങ്ക് വായ്പ, പലിശ, വാടക, ജീവനക്കാരുടെ വേതനം തുടങ്ങിയവ മൂലം കഴിഞ്ഞ ലോക്ക് ഡൗണിൽ അനുഭവപ്പെട്ട പ്രതിസന്ധിയിൽ നിന്ന് ഇതുവരെ മുക്തരായിട്ടില്ല. വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലെ പ്രതിസന്ധിയിൽ വ്യാപാരസമുഹത്തെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.