തൃപ്പൂണിത്തുറ: നഗരസഭയുടെ ശ്മശാനങ്ങളുടെ പ്രവർത്തന സമയം 24 മണിക്കൂറായി ഉയർത്തി. കൊവിഡ് നിരക്ക് ദിവസേന വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ സമയമാറ്റം. തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപവും ഇരുമ്പനത്തുമാണ് നഗരസഭയുടെ പൊതുശ്മശാനങ്ങൾ പ്രവർത്തിക്കുന്നത്. വിറകിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തൃപ്പൂണിത്തുറ ശ്മശാനത്തിൽ നാല് ബർണ്ണറുണ്ട് . കൊവിഡ് മരണം കണക്കിലെടുത്ത് രണ്ട് കേന്ദ്രങ്ങളിലും തിരക്കാണ്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 വരെയായിരുന്നു മുൻ കാലങ്ങളിലെ പ്രവർത്തന സമയം.

സാധാരണ മൃതദേഹം ദഹിപ്പിക്കാൻ 2250 രൂപയും കൊവിഡ് ബാധിച്ചതാണെങ്കിൽ 3750 രൂപയുമാണ് ഈടാക്കുന്നത്. പി.പി.കിറ്റ്, സാനി ടൈസിംഗ്, സോപ്പ് ,കൈയുറ എന്നിവയുടെ ചിലവാണ് അധികമായി വരുന്നത്. കൂടാതെ മൃതദേഹം കത്തി തീർന്നാൽ ഒരു മണിക്കൂർ സാനിറ്റൈസിംഗിന് മാറ്റി വയ്ക്കണം. ഇത് ചെയ്യുന്നത് പുറത്തു നിന്നു വരുന്ന വ്യക്തിയാണ്. ഇയാളുടെ കൂലിയായി 700 രൂപ നൽകണം. ഇതെല്ലാം ചേർത്താണ് 3750 ഈടാക്കുന്നത്. വൈക്കം, കോട്ടയം കൂത്താട്ടുകുളം കാലടി, വൈപ്പിൻ, മൂവാറ്റുപുഴ, പെരുമ്പാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് ഏറെയും കൊവിഡ് മൃതദേഹങ്ങൾ എത്തുന്നത്. മുരളി, രവി, ബാബു എന്നിവരാണ് ശ്മശാന നടത്തിപ്പുകാർ.