കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാനത്തെ ജനറൽ ആശുപത്രികളിൽ ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റിയായ എറണാകുളം ജനറൽ ആശുപത്രി കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി കെ .കെ .ശൈലജയാണ് ഉദ്ഘാടനം ചെയ്തത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ഭാഭാട്രോൺ ടെലി കൊബാൾട്ട് യൂണിറ്റ്, മൈക്രോബയോളജി ലാബ്, കാപ്‌സ് കിയോസ്‌ക്, സ്‌കിൽ ലാബ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോൾ കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതിനായി സൂപ്പർ സ്പെഷ്യാലിറ്റിയുടെ ഒരു ഭാഗം കൊവിഡ് ചികിത്സയ്ക്കായി ഒരുക്കുകയാണ്.

 നടപടികൾ പുരോഗമിക്കുന്നു

ജനറൽ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ 150 ഓക്‌സിജൻ ബെഡുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ജീവനക്കാരുടെ കുറവുള്ളതിനാൽ പുതിയ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിയുന്നത്ര വേഗത്തിൽ ചികിത്സ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്

ഡോ.എ.അനിത

ജനറൽ ആശുപത്രി സൂപ്രണ്ട്

 സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനായി കിഫ്ബി പദ്ധതിയിൽനിന്ന് ലഭിച്ച 58 കോടി 95 ലക്ഷം രൂപ ചെലവഴിച്ചാണ് സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക് നിർമ്മിച്ചത്. ന്യൂറോ മെഡിസിൻ– സർജറി, കാർഡിയോളജി, ഓങ്കോ മെഡിസിൻ– സർജറി, നെഫ്രോളജി, യൂറോളജി, പ്ലാസ്റ്റിക് സർജറി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ കൂടാതെ കാർഡിയോ തൊറാസിക് സർജറി വിഭാഗവും ഇവിടെ പ്രവർത്തിക്കും. ഏഴുനിലകളിലായി 72000 ചതുരശ്രഅടിയാണ് കെട്ടിടം. ഒരുനില മുഴുവനായും പ്രയോജനപ്പെടുത്തി ആധുനിക സംവിധാനങ്ങളോടുകൂടിയ അഞ്ച് ഓപ്പറേഷൻ തിയറ്ററുകളുണ്ട്. ഒരുനില തീവ്രപരിചരണ വിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്. മറ്റൊരു നിലയിൽ വിവിധ ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കും. പേ വാർഡ്, വാർഡുകൾ എന്നിവയിലും അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


2 ഭാഭാട്രോൺ ടെലി കൊബാൾട്ട് യൂണിറ്റ്
ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ച സംവിധാനം ഒരുക്കിയിരിക്കുന്നത് റോട്ടറി ക്ലബ്ബാണ്. കാൻസർ രോഗ ചികിത്സയ്ക്കായി ഉപയോഗികുന്ന അത്യാധുനിക സംവിധാനമാണ് ഇത്.
3 മൈക്രോബയോളജി ലാബ്
21 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് മുമ്പുണ്ടായിരുന്ന ലാബിനെ ആധുനികവത്കരിച്ചത്. വൈറസുകൾ മൂലം പകരുന്ന രോഗങ്ങളുടെ നിർണയത്തിൽ മൈക്രോ ബയോളജി ലാബുകൾ അതീവ പ്രാധാന്യം വഹിക്കുന്നു.
4 കാപ്‌സ് കിയോസ്‌ക്
മെഡിക്കൽ ഇൻഷ്വറൻസ് പോലെയുള്ള ചികിത്സാ രീതികളെ സംബന്ധിച്ച് രോഗികൾക്ക് ആവശ്യമുള്ള വിവരങ്ങൾ ഇവിടെ നിന്ന് ലഭ്യമാകും.
5 സ്‌കിൽ ലാബ്
നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനാവശ്യമായ സൗകര്യം സ്‌കിൽ ലാബിൽ ലഭ്യമാകും.