bai-gopi

കളമശേരി:ഇത്തിരിക്കുഞ്ഞനല്ലേ എന്ന സഹതാപം ഒച്ചിനോട് ഇനി വേണ്ട. മഴക്കാലത്ത് പശ്ചിമക്കൊച്ചിക്കാർ പേടിച്ചിരുന്ന ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം ഇപ്പോൾ നഗരത്തിനകത്തും. ഏലൂരിലെ വിവിധ ഭാഗങ്ങളിലാണ് ആഫ്രിക്കൻ ഒച്ചുകൾ കീഴടക്കുന്നത്. വേനൽമഴ ശക്തമായതോടെ ഇവ കൂട്ടത്തോടെ പുറത്തിറങ്ങിയിരിക്കുകയാണ്. മണലും കോൺക്രീറ്റും വരെ ഭക്ഷിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്ന ആഫ്രിക്കൻ ഒച്ചുകളെ എങ്ങനെ നേരിടണമെന്ന് അറിയാതിരിക്കുകയാണ് നഗരവാസികൾ. ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്‌കജ്വരം വരെയുണ്ടാകാം. ഇതേക്കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പുറംതോട് ശംഖ് പോലിരിക്കുന്നത് കുട്ടികളിൽ കൗതുകമുണ്ടാക്കാനിടയുള്ളതിനാൽ കരുതിയിരിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല.ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും.

ഉപ്പും കുമ്മായവും വിതരണംചെയ്തു

ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായതോടെ കൗൺസിലർ ഭായ് ഗോപിയുടെ നേതൃത്വത്തിൽ വാർഡ് 17 ലെ 150 വീടുകൾക്ക് 2കിലോ ഉപ്പും കുമ്മായവും വിതരണം ചെയ്തു.കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ആശാ വർക്കർമാർ , പൊതുപ്രവർത്തകർ എന്നിവരെല്ലാം സഹായത്തോടെയാണ് ഇവ വീടുകളിൽ എത്തിച്ചത്.