court

 ചികിത്സാച്ചെലവ് ഉടൻ നിയന്ത്രിക്കണം

 3 ദിവസത്തിനകം തീരുമാനമെന്ന് സർക്കാർ

കൊച്ചി: എല്ലാവർക്കും കൊവിഡ് ചികിത്സ ലഭ്യമാക്കണമെന്നും ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ അസാധാരണ നടപടി വേണ്ടി വരുമെന്നും ഹൈക്കോടതി. രോഗി സമ്പന്നനാണോ ആശുപത്രി ഫൈവ് സ്റ്റാറാണോ എന്നൊന്നും നോക്കാതെ മികച്ച ചികിത്സ നൽകണം. ഫ്രീ മാർക്കറ്റല്ല, ഫിയർ (ഭയം) മാർക്കറ്റാണിതെന്നും സ്വകാര്യ ആശുപത്രികൾ സാഹചര്യം മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും വാക്കാൽ പറഞ്ഞു.

സ്വകാര്യ ആശുപത്രിയിലെ ഭീമമായ ഫീസ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ ഹ്യൂമൻ റൈറ്റ്സ് ഫോറം ലീഗൽ സെൽ വൈസ് ചെയർമാൻ സാബു. പി.ജോസഫ് നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ചികിത്സാച്ചെലവു നിയന്ത്രിക്കുന്നതിൽ സർക്കാർ മൂന്നു ദിവസത്തിനകം തീരുമാനമറിയിക്കാൻ നിർദ്ദേശിച്ച് ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം കൊവിഡിനോടു പൊരുതാൻ ഉപയോഗിക്കുമ്പോൾ സ്വകാര്യ മേഖലയ്ക്കും കുറച്ചു വിട്ടുവീഴ്ച ചെയ്യാം. ആന്ധ്ര സർക്കാർ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിച്ച് ഏപ്രിൽ 30ന് ഉത്തരവിറക്കിയത് പരിഗണിക്കണമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കൊവിഡ് ചികിത്സാ നിരക്കു കുറയ്ക്കാൻ മേയ് ഒന്നിനും അഞ്ചിനും ആശുപത്രി മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചകളിൽ തീരുമാനമുണ്ടായില്ലെന്നും മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാനാകുമെന്നും സർക്കാർ അറിയിച്ചു. ആശുപത്രികളിലെ സൗകര്യങ്ങൾ കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കും. ഒരുതവണ കൂടി ചർച്ച നടത്തും. അമിത നിരക്ക് പരാതികൾ പരിഗണിക്കാൻ ജില്ലാ അതോറിട്ടിയെ നിയോഗിക്കും. അപ്പീലിനായി സംസ്ഥാനതല അതോറിട്ടിയുണ്ടാകും. അതോറിട്ടിയുടെ തീരുമാനത്തിനെതിരെ പുനഃപരിശോധനാ ഹർജിയേ സാദ്ധ്യമാകൂവെന്നും സ്റ്റേറ്റ് അറ്റോർണി കെ.വി.സോഹൻ വിശദീകരിച്ചു. ഇൗ ശ്രമങ്ങളെ ഹൈക്കോടതി പ്രശംസിച്ചു.

പിടിച്ചുപറി ബില്ലുകൾ ഹാജരാക്കി കോടതി

സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഇൗടാക്കിയെന്നാരോപിച്ചുള്ള പരാതികൾക്കൊപ്പം ലഭിച്ച ബില്ലുകൾ ഹൈക്കോടതി സ്വമേധയാ ഹാജരാക്കി. ആശുപത്രികളുടെ പേരുകൾ മറച്ചിരുന്നു. രണ്ടു ദിവസത്തെ പി.പി.ഇ കിറ്റിന് 16,000 - 17,000 രൂപയും രണ്ടു ദിവസത്തെ ഒാക്സിജൻ ചാർജ്ജായി 45,600 രൂപയുമെടുത്തിട്ടുണ്ട്. പത്ത് പി.പി.ഇ കിറ്റ് ഉപയോഗിച്ചിട്ട് 100 എണ്ണത്തിന്റെ ചാർജ്ജ് ഇൗടാക്കി. കൺസൾട്ടിംഗ് ഫീസ് 4000 രൂപ വരെ. അഞ്ച് ഡോക്ടർമാരെ കണ്ടാൽ 20,000 രൂപ വാങ്ങുന്നു.