കുറുപ്പംപടി: കൊവിഡ് രോഗികൾക്ക് ഇനി പേടി വേണ്ട. 24 മണിക്കൂറും വാഹന സൗകര്യമൊരുക്കി മുടക്കുഴ ഗ്രാമപഞ്ചായത്ത്. കൊവിഡ് രോഗികളെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും പഞ്ചായത്തിലെ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുമായാണ് ഈ സൗകര്യമൊരുക്കിയത്. ആംബുലൻസ് സൗകര്യത്തോടുകൂടിയ മൂന്ന് വാഹനങ്ങളാണ് പഞ്ചായത്തിൽ ഏർപ്പാടാക്കിയിരിക്കുന്നത്. വാഹനങ്ങളുടെ ഫ്ളാഗ് ഒാഫ് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു.
എം.എൽ.എ.ഫണ്ടിൽനിന്ന് പണിതീർത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കെട്ടിടത്തിലേക്ക് വാക്സിനേഷനുവേണ്ടി ഫർണിച്ചർ അടക്കം പൂർണതോതിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഫണ്ടിൽനിന്ന് ഏർപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സൗകര്യങ്ങൾ വിലയിരുത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാതു. ജോസ് എ. പോൾ, ഡോ. രാജിക കുട്ടപ്പൻ, ഹെൽത്ത് ഇൻസ്പെക്ടർ ജിജി, അസി. സെക്രട്ടറി സേതു. കെ.ആർ, പോൾ കെ. പോൾ എന്നിവർ പങ്കെടുത്തു.