കൊച്ചി: സ്വന്തം നിലയിൽ വാക്സിൻ വാങ്ങാൻ തയ്യാറായി മരട് ,തൃക്കാക്കര നഗരസഭകൾ. സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ രണ്ട് നഗരസഭകളും ഭരിക്കുന്നത് യു.ഡി.എഫാണ്.
വികസന പ്രവർത്തനങ്ങൾക്ക് തനത് ഫണ്ടിൽ നിന്ന് നീക്കിവയ്ക്കുന്ന തുക ചെലവഴിച്ച് വാക്സിൻ വാങ്ങാനാണ് തീരുമാനം. പക്ഷേ സംസ്ഥാന സർക്കാർ നയപരമായ തീരുമാനം എടുക്കാതെ ഇത് സാധ്യമാവുകയുമില്ല.
ജനങ്ങളുടെ ജീവനാണ് പ്രാധാന്യം
മരട് നഗരസഭയിൽ 60,000 ആണ് ജനസംഖ്യ. 60 വയസിന് മുകളിലുള്ള 3000 പേർ സെക്കന്റ് ഡോസിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വലിയ ആശങ്കയിലാണ് ജനങ്ങൾ. 45 വയസിന് മുകളിലുള്ള 18000 പേർ മരടിലുണ്ട്. ഇവർക്ക് ഉടനെ വാക്സിൻ നൽകണം. ഇതിന് പരമാവധി 76 ലക്ഷം രൂപ ചെലവ് വരും. ഞങ്ങൾക്ക് 33 വാർഡുകളാണുള്ളത്. ഈ വാർഡുകളിലെ വികസന പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച തുകയിൽ ഓരോ വാർഡിനും 2.25 ലക്ഷം രൂപയുടെ കുറവ് വരും.
സർക്കാർ നിശ്ചയിക്കട്ടെ: മരട് നഗരസഭ
ഞങ്ങൾ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേർന്ന് തീരുമാനമെടുത്തു. കൗൺസിൽ യോഗത്തിന്റെ അംഗീകാരം വാങ്ങി. പ്രതിപക്ഷം എതിർത്തു. തീരുമാനം മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും തദ്ദേശവകുപ്പിനെയും അറിയിച്ചു. ഇന്നലെ ജില്ലാ കളക്ടറുടെ ഓൺലൈൻ യോഗത്തിലും വിഷയം അവതരിപ്പിച്ചു. പോസിറ്റീവായ ചിന്തയാണെന്ന് പറഞ്ഞു. എന്നാൽ നയപരമായ തീരുമാനം സർക്കാരാണ് എടുക്കേണ്ടത് എന്നറിയിച്ചു.
ആന്റണി ആശാംപറമ്പിൽ
ചെയർമാൻ, മരട് നഗരസഭ
കൊവിഡ് വാക്സിൻ സ്വന്തം നിലയിൽ വാങ്ങാനുള്ള സന്നദ്ധത തൃക്കാക്കര നഗരസഭയും അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. തുടർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
അജിത തങ്കപ്പൻ
ചെയർപെഴ്സൺ, തൃക്കാക്കര നഗരസഭ