pvs
കിഴക്കമ്പലത്തെ ഗോഡ്സ് വില്ലയിലെത്തി കൊവിഡ് രോഗിയെ മാറ്റുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്ന നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ

കിഴക്കമ്പലം: ഗോഡ്സ് വില്ലയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഇടപെട്ട് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഇവിടത്തെ താമസക്കാരനായ മറ്റൊരാളാണ് സമീപവാസിയായ നിവിൻ പീറ്റർ എന്നയാൾ ഗുരുതരാവസ്ഥയിലാണെന്ന വിവരം എം.എൽ.എ അറിയിച്ചത്. നിവിന്റെ അമ്മ കൊവിഡ് ബാധിതയായി ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ നിവിൻ മാത്രമാണ് വീട്ടിലുള്ളത്. അസുഖം തീവ്രമായി ശ്വാസതടസം വന്നതോടെ പഞ്ചായത്ത് അംഗങ്ങളെയടക്കം ബന്ധപ്പെട്ടതായി നിവിൻ പറയുന്നു. തുടർ നടപടിയില്ലാതായതോടെ സമീപവാസിയെ വിവരമറിയിച്ചു. ഇദ്ദേഹം പറഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ എം.എൽ.എ മലയിടംതുരുത്ത് പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് ആലുവയിലേക്ക് അടിയന്തരമായി മാറ്റാൻ നിർദ്ദേശം നൽകി.

കിഴക്കമ്പലം പഞ്ചായത്തിൽ ലക്ഷംവീടുകളെ ഒറ്റവീടുകളാക്കി മാറ്റിയ പദ്ധതിയാണ് ഗോഡ്സ് വില്ല. ഇവിടുത്തെ കൊവിഡ് സാഹചര്യങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പിനോട് അടിയന്തര റിപ്പോർട്ട് എം.എൽ.എ ആവശ്യപ്പെട്ടു.