death

കൊച്ചി: കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതനുസരിച്ച് ശ്മശാനങ്ങളിലെ സമയക്രമത്തിൽ മാറ്റം വരുത്താത്തതിൽ വലഞ്ഞ് ബന്ധുക്കൾ. ഇതേ ചൊല്ലി ശ്മശാനം നടത്തിപ്പുകാരും ബന്ധുക്കളും തമ്മിൽ സംഘർഷം പതിവാകുകയാണ് ജില്ലയിൽ. ഈയാഴ്ച മാത്രം പച്ചാളത്ത് 22 കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്കരിച്ചതായി നടത്തിപ്പുകാർ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് കലൂർ പൊറ്റക്കുഴിയിലെ വീട്ടിൽ വച്ച് മരിച്ച വയോധികയുടെ സംസ്കാരവുമായി ബന്ധപ്പെട്ടും തർക്കമുണ്ടായി. കൊവിഡ് രോഗിയായ വയോധിക വീട്ടിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റ് നാലു പേരും പൊസിറ്റീവായതിനാൽ അവർ ഡിവിഷൻ കൗൺസിലർ സി.എ.ഷക്കീറിന്റെ സഹായം തേടി. മരണസർട്ടിഫിക്കറ്റിന്റെ കാര്യം ചോദിക്കുന്നതിനായി കൗൺസിലർ പി.എച്ച്.സിയിലേക്ക് വിളിച്ചെങ്കിലും ഡോക്‌ടർ ഫോണെടുത്തില്ല. പൊലീസിലേക്ക് വിളിച്ചപ്പോൾ 101ലേക്ക് വിളിക്കാൻ പറഞ്ഞു. ആംബുലൻസിൽ മൃതദേഹം കയറ്റില്ലെന്നായിരുന്നു അവിടെ നിന്നുള്ള മറുപടി. പിന്നീട് ഭീമമായ തുക നൽകി സ്വകാര്യ ഡോക്ടറിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി. സംസ്കാരത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി പച്ചാളം പൊതുശ്മശാനത്തിലെത്തിയപ്പോൾ രാത്രി 8.30 കഴിഞ്ഞു. എട്ടു മണിക്ക് പ്രവർത്തനസമയം അവസാനിച്ചതിനാൽ സംസ്കാരം നടത്താൻ കഴിയില്ലെന്നായി നടത്തിപ്പുകാരൻ. ഒടുവിൽ മേയർ ഉൾപ്പടെയുള്ളവർ ഇടപെട്ടതിനെ തുടർന്ന് രാത്രി സംസ്കാരം നടത്തി.

ക്രിസ്ത്യൻ സന്നദ്ധ സംഘടനകൾ

സംസ്കാരത്തിന്

കൊവിഡിന്റെ തുടക്കത്തിൽ രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ക്രിസ്ത്യൻ സഭകളിൽ നിലനിന്നിരുന്ന ആശയകുഴപ്പത്തിന് പരിഹാരമായി. കൊവിഡ് പിടിപെട്ട് മരിക്കുന്ന വിശ്വാസികളെ സംസ്കരിക്കുന്നതിനായി എല്ലാ ഇടവകകളിലും സഹൃദയ സമരിറ്റിന്റെ നേതൃത്വത്തിൽ സന്നദ്ധസേന സജ്ജമാണ്. വൈദികരുൾപ്പെടെ 50 പേരാണ് ഓരോ സംഘത്തിലുമുള്ളത്. മരണാനനന്തര കർമ്മങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ മറവു ചെയ്യുകയോ സംസ്കരിക്കുകയോ ആണ് ചെയ്യുന്നത്. കൊവിഡ് രണ്ടാം തരംഗം തുടങ്ങിയശേഷം ഇതുവരെ 45 മൃതദേഹങ്ങൾ സംസ്കരിച്ചതായി എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ഡയറക്‌ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു. തൃക്കാക്കര വിജോഭവൻ സെമിത്തേരിയിലാണ് നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും മൃതദേഹങ്ങൾ സംസ്കരിക്കുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ സംസ്കാരത്തിന്റെ ചുമതലയും ഇവർ ഏറ്റെടുക്കാറുണ്ട്.

ഇസ്ളാം വിശ്വാസികൾക്ക് കബറടക്കം

കൊവിഡ്ബാധിതരായ ഇസ്ളാംവിശ്വാസികളുടെ കബറടക്കം പള്ളികളിൽ തന്നെയാണ് നടക്കുന്നത്. കൊവിഡിന്റെ ആദ്യ സമയത്ത് പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് ഈ ദൗത്യം ഏറ്റെടുത്തിരുന്നത്. എന്നാൽ ഇന്ന് എല്ലാ മോസ്കുകളോടും അനുബന്ധിച്ച് ഇതിനായി സന്നദ്ധപ്രവർത്തകരുണ്ട്.