മൂവാറ്റുപുഴ: താലൂക്കിലെ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗം ഗൂഗിൾ മീറ്റ്‌ വഴി നടത്തി. കൊവിഡ് രണ്ടാം തരംഗത്തിൽ നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രന്ഥശാല തലത്തിൽ ഏകോപിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു യോഗം. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ . സുരേന്ദ്രൻ ആമുഖാവതരണം നടത്തി. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി കെ . ഉണ്ണി പ്രവർത്തന രൂപരേഖ ക്രോഡീകരിച്ചു.

അക്ഷരസേനയുടെ പ്രവർത്തനം ശക്തമാക്കുക, ആരോഗ്യപ്രവർത്തകർ, ശാസ്ത്രസാഹിത്യപരിഷത്ത് , ഇതര സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചുകൊണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ നടത്തുക, വാക്സിൻ ചലഞ്ചിൽ പങ്കെടുക്കുക, വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങളിൽ ഏർപ്പെടുക, ഗൂഗിൾമീറ്റ് വഴി ഓരോ ഗ്രന്ഥശാലയും അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി കലാ സാംസ്‌കാരിക ആശയവിനിമയ പ്രവർത്തനങ്ങൾ നടത്തുക, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ വിവിധ മേഖലകളിലെ വിദഗ്ദ്ധരെ ബന്ധപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുക, വീട്ടിലിരിക്കുന്നവർക്ക് പുസ്തകങ്ങൾ എത്തിച്ചുകൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ഗ്രന്ഥശാല തലത്തിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടപ്പിലാക്കുവാൻ തീരുമാനിച്ചു.