വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിക്ക് ബി.ഡി.ജെ.എസ് വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റും എൻ.ഡി.എ മണ്ഡലം കൺവീനറുമായ രഞ്ജിത്ത് രാജ്‌വി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ തന്റെ വസതിയിലെത്തിയിരുന്നു. എസ്.എൻ.ഡി.പി യോഗം വനിതാസംഘം സംസ്ഥാനപ്രസിഡന്റായ തന്റെ ഭാര്യയെ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിക്കാനാണ് ഇവരെല്ലാം എത്തിയത്. തന്റെ വസതിയിലെത്തിയ ഇവരെയെല്ലാം ഗൃഹനാഥൻ എന്ന നിലയിൽ താൻ സ്വാഗതം ചെയ്യുകയും ഭക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്. എൽ.ഡി.എഫിന്റെ കാര്യത്തിലും ഇതാണ് ഉണ്ടായത്. അല്ലാതെ വോട്ട് കച്ചവടമൊന്നും നടന്നിട്ടില്ല.
തങ്ങൾ പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തിരഞ്ഞെടുപ്പിനുശേഷവും അവകാശപ്പെട്ടിരുന്ന യു.ഡി.എഫ്. നേതാക്കൾ എണ്ണായിരം വോട്ടിന് തോറ്റപ്പോൾ ന്യായംകണ്ടത്താൻ മാത്രമാണ് ഇപ്പോൾ തന്റെ വീട്ടിൽ എൽ.ഡി.എഫ്. നേതാക്കൾ വന്നതിനെ മോശമായി ചിത്രീകരിക്കുന്നത്. ബി.ഡി.ജെ.എസിനും എസ്.എൻ.ഡി.പി യോഗത്തിനും വൈപ്പിൻ മണ്ഡലത്തിൽ യാതൊരു സ്വാധീനവും ഇല്ലെന്ന് പ്രചരിപ്പിച്ചവർ തന്നെ തങ്ങൾ തോറ്റത് ബി.ഡി.ജെ.എസ്. സ്വാധീനം മൂലമാണെന്ന് ഇപ്പോൾ ആരോപിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും രഞ്ജിത് രാജ്‌വി കൂട്ടിച്ചേർത്തു.