ആലുവ: മാസങ്ങളായിട്ടും ആശാ വർക്കറേയും നഴ്സിനേയും നിയമിക്കാത്തതിൽ പ്രതിഷേധിച്ച് എടത്തല ഗ്രാമപഞ്ചായത്ത് യോഗം യു.ഡി.എഫിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബഹിഷ്കരിച്ചു. യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധാനം ചെയ്യുന്ന രണ്ടാംവാർഡിൽ ആശാവർക്കറുടേയും ആറിൽ ഹെൽത്ത് നഴ്സിന്റെയും സേവനം ഇതുവരെ ലഭ്യമായിട്ടില്ല. വീടുകളിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നവർക്കും പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ളവർക്കും മതിയായ സേവനം നൽകാൻ കഴിയുന്നില്ല. പലവട്ടം ഇതുസംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചാണ് കമ്മിറ്റി ബഹിഷ്കരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ പറഞ്ഞു.
അതേസമയം, നിലാവ് പദ്ധതി പ്രകാരം പഞ്ചായത്തിന് ആദ്യഘട്ടം ലഭിച്ച 400 എൽ.ഇ.ഡി ബൾബുകൾ 20 എണ്ണം വീതം വാർഡുകളിൽ വിതരണം ചെയ്യാൻ ഓൺലൈൻ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.